തൃശൂർ പിടിക്കാൻ പത്മജ; പ്രചാരണത്തിന് നാളെ തുടക്കം

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന പത്മജ വേണുഗോപാലിൻ്റെ പ്രചാരണത്തിന് നാളെ തുടക്കം.

തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായതോടെ പത്മജ നാളെ മണ്ഡലത്തിലെത്തി ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അയ്യന്തോൾ അമർജവാൻ സെൻ്ററിൽ ചുവരെഴുത്തു നടത്തിയാണ് പ്രചാരണത്തിനു തുടക്കമിടുക.

ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെന്ന് പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച മുതല്‍ തൃശൂര്‍ മണ്ഡലത്തില്‍ സജീവമാകുമെന്നും പത്മജ വേണു ഗോപാല്‍ പറഞ്ഞിരുന്നു.

സുരേഷ് ഗോപി മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്ക് ഉണ്ടെങ്കിലേ മത്സരിക്കാന്‍ തയ്യാറാകൂ എന്ന് പത്മജ നേരത്തെ പറഞ്ഞതായി സൂചനകളുണ്ടായിരുന്നു. സുരേഷ് ഗോപി പൂര്‍ണമായും മണ്ഡലത്തില്‍ തനിക്കൊപ്പം പ്രചാരണങ്ങള്‍ക്കായി ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും പത്മജ പറഞ്ഞു. അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്. തൃശൂരുകാരില്‍ വലിയ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

നേരത്തെ എം.ടി. രമേശിനെ തൃശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുമെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ പത്മജ വരുന്നതോടെ എം.ടി. രമേശ് കോഴിക്കോട് നിന്ന് മത്സരിക്കുമെന്നും സൂചനകളുണ്ട്.

Share
error: Content is protected !!