ആത്മീയ തണലിൽ ആദ്യവെള്ളി: പുണ്യമാസത്തിലെ ആദ്യ ജുമുഅയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ
മക്ക/ മദീന/അബുദാബി: വ്രതാനുഷ്ഠാനത്തിന്റെ പവിത്രതയിലേക്ക് മിഴിതുറന്ന റമസാനിലെ ആദ്യ വെള്ളിയാഴ്ചയെ പ്രാർഥനാപൂർവം ധന്യമാക്കി വിശ്വാസികൾ.
മക്കയിലെയും മദീനയിലെയും ഹറം പള്ളികളിലും വിശ്വാസികൾ ഒത്തുചേർന്നപ്പോൾ പ്രവാസ ലോകവും ആത്മീയതയുടെ തണലിൽ. ജിസിസി രാജ്യങ്ങളിലെ മസ്ജിദുകളെല്ലാം വിശ്വാസികളെകൊണ്ട് നിറഞ്ഞുകവിഞ്ഞു. വ്രതശുദ്ധിയുടെ പുണ്യമാസത്തിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലെ മസ്ജിദുൽ ഹറമിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും ഒഴുകിയെത്തിയത്.
മക്കയിൽ മതാഫിൽ തീർഥാടകരെയും മറ്റിടങ്ങളിൽ വിശ്വാസികളെയും പ്രവേശിപ്പിച്ചത് തിരക്കു നിയന്ത്രിക്കാൻ സഹായിച്ചു. യുഎഇ ഉൾപ്പെടെ മറ്റു ജിസിസി രാജ്യങ്ങളിൽ മസ്ജിദുകളുടെ അകത്തളം രാവിലെ പതിനൊന്നോടെ നിറഞ്ഞിരുന്നു. നേരത്തെ പള്ളിയിലെത്തി അകത്ത് സ്ഥലം പിടിച്ച വിശ്വാസികൾ ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാർഥനകളിലും മുഴുകി.
വിജ്ഞാനം ആർജിച്ചു കുടുംബ, സാമൂഹിക ജീവിതം സുരക്ഷിതമാക്കണമെന്ന് റമസാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർഥനയിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു മത പണ്ഡിതർ. ഖുർആനിലെ അൽ ബഖറയിലെ ആശയങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു വ്രതമാസത്തിലെ ആദ്യ ജുമുഅ ഖുതുബ.
വിശ്വാസ സ്തംഭങ്ങൾ സുശക്തമാകുന്നതോടൊപ്പം സഹജീവികളോടുള്ള കടമകളും കർത്തവ്യങ്ങളും വിശ്വാസികൾ ഓർക്കണം. വിശുദ്ധ വേദഗ്രന്ഥത്തിൽ സംശയം അശേഷം ഇല്ലെന്നും ഭക്തിയുള്ളവർക്ക് മാർഗദർശനമാണ് ഖുർആൻ എന്നും അവർ പറഞ്ഞു. ഭൂമിയിൽ കുഴപ്പം സൃഷിടിക്കരുതെന്നും നീതിയിൽ നിലകൊള്ളണമെന്നും ആരെയും ദ്രോഹിക്കരുതെന്നും കർശനമായി നിർദേശിക്കുന്ന സൂക്തങ്ങളുടെ അക്ഷയ ഖനിയാണിതന്ന് പണ്ഡിതർ പറഞ്ഞു.
ജുമുഅ കഴിഞ്ഞും ഏറെ നേരം പള്ളിയിൽ അനുബന്ധ പ്രാർഥനകളിൽ ഏർപ്പെട്ട ശേഷമാണ് ജനം പിരിഞ്ഞുപോയത്. ദൈവത്തിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കണമെന്ന് ഇമാമുമാർ വിശ്വാസികളെ ഉണർത്തി. ജുമുഅയ്ക്ക് ശേഷം ചിലയിടങ്ങളിൽ ഔഖാഫിന്റെ അനുമതിയോടെ മതപ്രാഭഷണവും ഖുതുബയുടെ വിവർത്തനവും ഉണ്ടായിരുന്നു.
….


