പരിശ്രമങ്ങൾ വിഫലം! ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിയ ലോറി ഉയർത്തി; കാബിനുള്ളിൽ കുടുങ്ങിയ നിലയിൽ സഹായിയുടെ മൃതദേഹം
മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറിയിൽ കുടുങ്ങിയ സെയിൽസ്മാൻ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്. ലോറി പൂർണമായും തകർന്ന നിലയിലാണ്.
ലോറി ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന സെയിൽസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ബ്രേക്ക് പോയി അപകടത്തിൽപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് പ്രദേശവാസി പറഞ്ഞു


