മധ്യപൂർവദേശത്തെ ‘സ്വാധീനശക്തി’: ഒന്നാമൻ എം.എ. യൂസഫലി

അബുദാബി: മധ്യപൂർവദേശത്തെ വ്യാപാര, വ്യവസായ മേഖലകളിൽ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വാധീനമുറപ്പിച്ച് ‘മിഡിൽ ഈസ്റ്റ് ഓൺട്രപ്രണർ’ മാഗസിന്റെ ഏറ്റവും പുതിയ പട്ടിക പുറത്തുവന്നു. മേഖലയിലെ ഏറ്റവും സ്വാധീനമുള്ള 100 വിദേശ ഇന്ത്യക്കാരുടെ (The 100 NRIs) പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

റീട്ടെയിൽ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും മേഖലയുടെ ഭക്ഷ്യസുരക്ഷാ നയങ്ങളിൽ നൽകുന്ന പിന്തുണയുമാണ് അദ്ദേഹത്തെ പട്ടികയുടെ തലപ്പത്തെത്തിച്ചത്. വ്യവസായം, സാങ്കേതികവിദ്യ, നവീന ആശയങ്ങൾ, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ വിലയിരുത്തിയാണ് മാഗസിൻ പട്ടിക തയാറാക്കിയത്.

∙ആദ്യ അഞ്ചിൽ മലയാളി തിളക്കം
പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാലിലും മലയാളികൾ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്.

∙ എം.എ. യൂസഫലി (ലുലു ഗ്രൂപ്പ്)
∙ സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ)
∙ ഡോ. അദ്നാൻ ചിൽവാൻ (സിഇഒ, ദുബായ് ഇസ്​ലാമിക് ബാങ്ക്)
∙ ഡോ. ആസാദ് മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ)
∙ ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്)

∙പട്ടികയിലെ മറ്റു പ്രമുഖർ
ആദ്യ പത്തു പേരിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദും ഇടം നേടി. ബോളിവുഡ് താരം വിവേക് ഒബ്റോയ്, മനീഷ് മൽഹോത്ര എന്നിവരും ആദ്യ പത്തിലുണ്ട്. ശോഭ ഗ്രൂപ്പിന്റെ പി.എൻ.സി. മേനോൻ, രവി പിള്ള (ആർപി ഗ്രൂപ്പ്), ജോയ് ആലുക്കാസ്, ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ്), സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ്) തുടങ്ങി പ്രമുഖരായ ഒട്ടേറെ ബിസിനസ് പ്രമുഖർ പട്ടികയിലുണ്ട്.

∙കരുത്തായി വനിതകൾ
വനിതാ വിഭാഗത്തിൽ അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, രേണുക ജഗ്തിയാനി (ലാൻഡ്മാർക്ക് ഗ്രൂപ്പ്), ശോഭ മേനോൻ (ഇക്വിറ്റി ഗ്രൂപ്പ്), അലീഷ മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ) എന്നിവർ മുന്നിലെത്തി.

∙സ്വാധീന ശക്തിയായി 22 മലയാളികൾ
ആകെ 100 പേരുടെ പട്ടികയിൽ 22 മലയാളികളാണ് ഇടംപിടിച്ചത്. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മലയാളികൾ വഹിക്കുന്ന നിർണായക പങ്കിനുള്ള അംഗീകാരമാണിതെന്ന് സമിതി വിലയിരുത്തി. മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ മേഖലയെ പ്രഫഷനലായി പുനർനിർമിക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്ക് നിസ്തുലമാണ്.

Share
error: Content is protected !!