വ്രത പുണ്യനിറവിൽ: റമസാൻ മാസത്തെ പ്രാർഥനാപൂർവം വരവേറ്റ് ഗൾഫ് രാജ്യങ്ങൾ
അബുദാബി: ഗൾഫിന്റെ ആകാശത്ത് വ്രതപുണ്യത്തിന്റെ നിലാവുദിച്ചതോടെ പ്രാർഥനാപൂർവം നോമ്പിന്റെ നിറവിൽ വിശ്വാസികൾ.
ആത്മ ചൈതന്യത്തിന്റെ പ്രഭ ചൊരിഞ്ഞത് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ. റമസാൻ അമ്പിളിക്കല ദൃശ്യമാകാത്ത ഒമാൻ നിവാസികൾക്ക് കേരളത്തോടൊപ്പം നാളെ മുതലായിരിക്കും വ്രതാനുഷ്ഠാനം.
റമസാൻ പ്രമാണിച്ച് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവും പ്രാബല്യത്തിൽ വന്നു. ഇളവ് മുസ്ലിംങ്ങൾക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്.
റമസാനിൽ ദുബായിലെ പൊതു പാർക്കിങ് സമയങ്ങളിൽ ആർടിഎ മാറ്റം വരുത്തി. നോമ്പുതുറ സമയങ്ങളിൽ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും വൈകിട്ട് ആറു മുതൽ രാത്രി എട്ടു വരെ പാർക്കിങ് സൗജന്യമായിരിക്കും.


