ജീവന്റെ തുടിപ്പ് ഏറ്റുവാങ്ങി തിരുവനന്തപുരം: ആലിൻ ഷെറിന്റെ അവയവങ്ങൾ‌ തലസ്ഥാനത്തെത്തിച്ചു

തിരുവനന്തപുരം: ജീവൻ കൈയിലെടുത്ത് പാഞ്ഞ യാത്ര… കേരളമൊട്ടാകെ മണിക്കൂറുകളോളം പ്രത്യാശയോടെ ആ യാത്രയ്ക്കൊപ്പം നിന്നു. ഒടുവിൽ 10.31 ന് ആ വാർത്തയെത്തി. പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തുടിപ്പുകൾ തിരുവനന്തപുരം ഏറ്റുവാങ്ങി. കരൾ കിംസ് ആശുപത്രിയിൽ കൈമാറി.

തുടർന്ന് 11.35ഓടെ മറ്റ് അവയവങ്ങളുമായി മെഡിക്കൽ കോളേജിലേക്ക്… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്നാണ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ സമ്മതമറിയിക്കുന്നത്. വിവരം ലഭിച്ചയുടനെ സിസ്റ്റം റെഡി. മൂന്നേകാൽ മണിക്കൂറുകൾക്കൊണ്ടാണ് അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ചത്.

ഇത്തവണ റോഡുമാർ​ഗമാണ് അവയവങ്ങൾ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചത്. കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി രാത്രി 7.12നാണ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസിൽ മെഡിക്കൽ സംഘം പുറപ്പെട്ടത്. KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലൻസ് കണ്ടവരെല്ലാം വഴിമാറി നൽകി. കൊച്ചി മുതൽ തിരുവനന്തപുരം വരെ പൊലീസ് ​ഗ്രീൻ കോറിഡോറൊരുക്കി. പൊതുജനങ്ങൾ പൂർണമായി സഹകരിച്ചു.

എറണാകുളം അമൃത ആശുപത്രിയിൽനിന്ന് കുന്നുപുറം- ഇടപ്പള്ളി- വൈറ്റില- തൃപ്പൂണിത്തുറ- ഏറ്റുമാനൂർ- കോട്ടയം- അടൂർ- കൊട്ടാരക്കര- കിളിമാനൂർ വഴിയാണ് തിരുവനന്തപുരത്തേക്ക് ആംബുലൻസ് എത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർ ആംബുലൻസിലുണ്ടായിരുന്നു. തൃശൂർ മാള സ്വദേശി ജനീഷ് ആണ് ആംബുലൻസ് ഡ്രൈവർ. തിരുവനന്തപുരം സ്വദേശി ശരത് ആണ് കോ ഡ്രൈവർ.

പത്തനംതിട്ട സ്വദേശികളായ അരുൺ എബ്രഹാം- ഷെറിനും ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്.

Share
error: Content is protected !!