വിജയ്യുടെ പരിപാടിക്കെത്തിയ ആള് കുഴഞ്ഞു വീണ് മരിച്ചു
സേലത്ത് വിജയ്യുടെ പരിപാടിക്കെത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്രക്കാരന് സൂരജ് ആണ് മരിച്ചത് . ഹൃദയാഘാതം മൂലമെന്ന് സംശയിക്കുന്നു. അതേസമയം, സ്റ്റാലിന് എതിരെ വിജയ് വിമർശനം തുടരുകയാണ്. സ്റ്റാലിൻ ഭരണം മൊത്തം ഔട്ട് ഓഫ് കൺട്രോൾ ആണ്.
മറ്റ് പാർട്ടികൾക്ക് എല്ലാം പൊതുപരിപാടിയും യോഗങ്ങളും നടത്താൻ അനുമതി നൽകാറുണ്ട്. എന്നാല്‍ ടിവികെയ്ക്ക് മാത്രം അനുമതി നൽകുന്നില്ല. SOP എന്നാല്‍ ടിവികെയ്ക്ക് മാത്രം സ്റ്റാലിൻ സാർ ഓപ്പറേറ്റിംഗ് പ്രോസീജിയർ എന്നാണ്. വിജയ്യെ വിശ്വസിക്കണോ സ്റ്റാലിനെ വിശ്വസിക്കണോ എന്ന ഒറ്റ ചോദ്യം മാത്രമാണ് തമിഴ്നാടിന് മുന്നിൽ ഉള്ളത് എന്നും വിജയ് സേലത്ത് നടന്ന പൊതുയോഗത്തിൽ പറഞ്ഞു.
നേരത്തെ താരം നടത്തിയ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും തമിഴ്നാട്ടിലെ കരൂരിൽ 41 പേർ മരിച്ചത് വന്‍വിവാദമായിരുന്നു. ഇതില്‍ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാൻ യോഗം വൈകിപ്പിച്ച നടൻ, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചു.
25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. 3 മിനിറ്റു വരെ ശ്വാസം കിട്ടാതായതോടെയാണു പലരും കുഴഞ്ഞുവീണത്. ചിലരുടെ വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിൽ തുളച്ചു കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചെന്ന ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ടിവികെ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.


