മുസ്ലിംസ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാമോ? സുപ്രീംകോടതി

ന്യൂഡൽഹി: ഭർത്താവിന്റെ സമ്മതമില്ലാതെ ഖുല ഉച്ഛരിച്ച് വിവാഹബന്ധം വേർപെടുത്താൻ മുസ്ലിംസ്ത്രീകൾക്ക് അധികാരമുണ്ടോ എന്ന് സുപ്രീംകോടതി പരിശോധിച്ചു. സ്വയം വിവാഹമോചനം നേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ശുഐബ് ആലത്തിനെ ‘അമിക്സ് ക്യൂറി’യായി നിയമിച്ചു.

ഈ കേസ് മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് കേസ് ഏപ്രിൽ 22ന് വിശദമായ വാദം കേൾക്കുന്നതിനായി മാറ്റി.

ഇസ്‌ലാമിക നിയമപ്രകാരം ഖുല വഴി വിവാഹബന്ധം വേർപെടുത്താൻ മുസ്ലിംസ്ത്രീക്ക് അവകാശമുണ്ടെന്നും അത് ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ചല്ല തീരുമാനിക്കേണ്ടതെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

മുസ്ലീംസ്ത്രീയുടെ വിവാഹമോചന പ്രഖ്യാപന രേഖയായ ‘ഖുല നാമ’യിൽ ‘മഹർ’ തിരികെ നൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുരുഷന്മാർക്ക് തലാഖുപോലെ സ്ത്രീക്ക്‌ ലഭിക്കുന്ന മതപരമായ അവകാശമാണ്‌ ഖുല എന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിരുന്നു.

Share
error: Content is protected !!