20 രൂപയുടെ കൈക്കൂലിക്കേസ്; 30 വർഷം നിയമപോരാട്ടം; നിരപരാധിയെന്ന വിധി വന്നതിന്റെ പിറ്റേദിവസം മരണം

അഹമ്മദാബാദ്: ഇരുപതുരൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതിയായ പോലീസുകാരൻ നിരപരാധിത്വം തെളിയിക്കാനായി നിയമപോരാട്ടം നടത്തിയത് നീണ്ട 30 വർഷം. ഒടുവിൽ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, കോടതി വിധി വന്നതിന്റെ പിറ്റേദിവസം അദ്ദേഹം അന്തരിച്ചു. ഗുജറാത്തിലെ പോലീസ് കോൺസ്റ്റബിളായിരുന്ന ബാബുഭായ് പ്രജാപതിയാണ് തന്റെ നിരപരാധിത്വം തെളിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടത്.

1996-ൽ അഹമ്മദാബാദിൽ പോലീസ് കോൺസ്റ്റബിളായി ജോലിചെയ്യുന്നതിനിടെയാണ് 20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബാബുഭായ് പ്രജാപതിക്കെതിരേ കേസെടുത്തിരുന്നത്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കേസ്. 1997-ൽ സെഷൻസ് കോടതിയിൽ അദ്ദേഹത്തിനെതിരേ കുറ്റപത്രം സമർപ്പിച്ചു. 2002-ൽ കോടതി പ്രതിക്കെതിരേ കുറ്റംചുമത്തി. 2003-ൽ കേസിന്റെ വിചാരണ ആരംഭിച്ചു. തുടർന്ന് 2004-ൽ സെഷൻസ് കോടതി ബാബുഭായ് പ്രജാപതിക്ക് നാലുവർഷം തടവും 3000 രൂപ പിഴയും ശിക്ഷ വിധിച്ചു.

എന്നാൽ, സെഷൻസ് കോടതി വിധിക്കെതിരേ ബാബുഭായ് ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പക്ഷേ, 22 വർഷത്തോളമാണ് ഈ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായത്. ഒടുവിൽ വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഹൈക്കോടതി ബാബുഭായ് പ്രജാപതിയുടെ കേസിൽ അന്തിമവിധി പുറപ്പെടുവിച്ചത്.

ബാബുഭായ്‌ക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മൂന്നുപതിറ്റാണ്ടിനുശേഷം കൈക്കൂലിക്കേസിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതോടെ ബാബുഭായ് അതീവ സന്തോഷവാനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ നിതിൻ ഗാന്ധി പറഞ്ഞു. ”എന്റെ ജീവിതത്തിൽനിന്ന് ആ കറ നീങ്ങിയിരിക്കുന്നു. ഇനി എന്നെ ദൈവം വിളിച്ചാലും എനിക്ക് വിഷമമില്ല” എന്നാണ് കോടതിവിധിക്ക് ശേഷം ബാബുഭായ് പറഞ്ഞതെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. പക്ഷേ, കോടതിവിധി വന്നതിന്റെ പിറ്റേദിവസം ഹൃദയാഘാതത്തെത്തുടർന്നാണ് ബാബുഭായിയുടെ അന്ത്യം സംഭവിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

Share
error: Content is protected !!