ബാങ്ക് വായ്പയുടെ പേരിൽ വയോധികയുടെ പണം തട്ടി: അറസ്റ്റ്

കോഴിക്കോട്: ബാങ്ക് വായ്പയുടെ പേരിലുള്ള ജപ്തി ഒഴിവാക്കി നൽകാമെന്ന് വാഗ്ദാനം നൽകി വയോധികയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിലായി. മലാപ്പറമ്പ് കെഎസ്ഇബി കോളനിയിലെ രജീഷിനെ(47)യാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മേരിക്കുന്ന് സി എച്ച് കോളനിയിൽ താമസിക്കുന്ന 72-കാരി 2015-ൽ വീടിന്റെ ആധാരം പണയപ്പെടുത്തി വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2024-ൽ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു. വൺ ടൈം സെറ്റിൽമെന്റിലൂടെ 10 ലക്ഷം രൂപ അടച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന്, പരാതിക്കാരി തന്റെ കൈവശമുണ്ടായിരുന്ന പണം പരിചയക്കാരനായ രജീഷിനെ ഏൽപ്പിച്ചു. എന്നാൽ പ്രതി അഞ്ച് ലക്ഷം രൂപ മാത്രം ബാങ്കിലടച്ച് ബാക്കി തുക കൈക്കലാക്കുകയായിരുന്നു. മുഴുവൻ പണവും അടച്ചെന്ന് വിശ്വസിപ്പിച്ച് ഇയാൾ വയോധികയെ കബളിപ്പിച്ചു.

നിശ്ചിത തുക ലഭിക്കാത്തതിനാൽ ബാങ്ക് വീട് ജപ്തി ചെയ്തതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം വയോധിക അറിയുന്നത്. തുടർന്ന് ചേവായൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. ചേവായൂർ സിഐ മഹേഷ്‌, എസ്‌ഐ ഏലിയാസ്, എഎസ്‌ഐ രാജേഷ്, സിപിഒമാരായ വിജിനേഷ്, സഫീറ, ലിവേഷ് എന്നിവരാണ്‌ പ്രതിയെ പിടിച്ചത്‌.

Share
error: Content is protected !!