ഇന്ധന നിയന്ത്രണ സ്വിച്ചിലെ തകരാർ: ലണ്ടനിൽനിന്ന് വിമാനം പറന്നത് പരിശോധനയ്ക്ക് ശേഷമെന്ന് ഡിജിസിഎ
ന്യൂഡൽഹി: ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംശയിക്കപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം, ജീവനക്കാർ നേരിട്ടു നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ലണ്ടനിൽനിന്ന് പറന്നുയർന്നതെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു. തകരാർ അവഗണിച്ച് വിമാനം സർവീസ് നടത്തിയെന്ന് വിമർശനം ഉയർന്നതിനെത്തുടർന്നാണ് ഡിജിസിഎ പ്രസ്താവന പുറത്തിറക്കിയത്.
ബെംഗളൂരുവിലേക്ക് യാത്ര ആരംഭിക്കുന്നതിനു മുൻപ് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽവച്ച് എൻജിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇടതു എൻജിന്റെ സ്വിച്ച് 2 തവണ ‘റൺ’ (RUN) സ്ഥാനത്ത് ലോക്ക് ആയില്ല. മൂന്നാം ശ്രമത്തിൽ സ്വിച്ച് കൃത്യമായി ലോക്ക് ആയി.
യാത്രയ്ക്കു മുൻപ് സ്വിച്ച് ലോക്ക് ആയെന്ന് ഉറപ്പാക്കിയിരുന്നു. യാത്രയ്ക്കിടെ സ്വിച്ചിൽ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുകയും എൻജിൻ മുന്നറിയിപ്പ് സംവിധാനങ്ങൾ യാത്രയിലുടനീളം നിരീക്ഷിക്കുകയും ചെയ്തുവെന്നും ഡിജിസിഎ വ്യക്തമാക്കി. എൻജിൻ പ്രവർത്തിപ്പിക്കുമ്പോഴോ അതിനുശേഷമോ അസ്വാഭാവികമായ മുന്നറിയിപ്പുകളോ, ജാഗ്രതാ നിർദേശങ്ങളോ, മറ്റ് സന്ദേശങ്ങളോ ഉണ്ടായിരുന്നില്ല.
വിമാനത്താവളത്തിൽ വച്ച് എൻജിൻ ഓൺ ചെയ്യുമ്പോഴും ഓഫ് ചെയ്യുമ്പോഴുമാണ് ഫ്യുവൽ സ്വിച്ച് പ്രധാനമായും ഉപയോഗിക്കാറുള്ളത്. ‘റൺ’, ‘കട്ട് ഓഫ്’ എന്നിങ്ങനെ 2 മോഡുകളാണ് ഇതിനുള്ളത്. റൺ എന്നതിൽ നിന്ന് കട്ട് ഓഫിലേക്കു മാറ്റിയാൽ ഇന്ധനം എത്തുന്നത് നിലയ്ക്കും. ഇതുവഴി എൻജിനു മുന്നോട്ടുള്ള കുതിപ്പ് ലഭിക്കാതെ വരും.
തെറ്റായ രീതിയിൽ സ്പർശിക്കുമ്പോൾ സ്വിച്ച് തെന്നിമാറുന്നതാണ് പ്രശ്നമെന്നും ബോയിങ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഫ്യുവൽ സ്വിച്ച് ഓപ്പറേറ്റ് ചെയ്യുന്നത് സംബന്ധിച്ച് പൈലറ്റുമാർക്ക് നിർദേശം നൽകാൻ ഡിജിസിഎ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
തകരാറുണ്ടെന്ന് സംശയിക്കപ്പെട്ട സ്വിച്ച് അത് നിർമിച്ച കമ്പനിക്കു തന്നെ പരിശോധനയ്ക്കായി അയയ്ക്കും. 2024ൽ സ്ഥാപിച്ചതാണിത്. പ്രശ്നത്തെത്തുടർന്ന് എല്ലാ ബോയിങ് ഡ്രീംലൈനറുകളിലെയും ഫ്യുവൽ സ്വിച്ചിന്റെ പരിശോധനയും എയർ ഇന്ത്യ പൂർത്തിയാക്കി.


