ഡയസിലേക്ക് ചാടിക്കയറി, സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി പ്രതിപക്ഷം; നിയമസഭയിൽ നാടകീയ രംഗങ്ങൾ,

തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ ഇന്നും പ്രക്ഷുബ്ദമായി നിയമസഭ. സ്പീക്കറുടെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് ഡയസിൽ ചാടിക്കയറി. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് സഭ ബഹിഷ്കരിക്കുന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.

ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകേണ്ടെന്നും പ്രതിപക്ഷം തീരുമാനമെടുത്തു. അതേ സമയം പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നും പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്നും ഭരണപക്ഷം ആരോപിച്ചു.

സ്വർണ്ണക്കൊള്ളയിൽ പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയാണ്. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമാണ് എസ്ഐടി ഇങ്ങനെ നീങ്ങാൻ കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷ സമരം തുടങ്ങിയതോടെ ഭരണപക്ഷ അംഗങ്ങളും നേരിടാൻ മുന്നോട്ട് വന്നു. പ്രതിപക്ഷ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Share
error: Content is protected !!