കുഞ്ഞികൃഷ്ണൻ ഒറ്റുകാരൻ, കോടാലിക്കൈകളുടെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ: എം.വി. ഗോവിന്ദൻ

കണ്ണൂർ: ഫണ്ട് തിരിമറി ആരോപണത്തിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.

കോടാലി കൈകളുടെ സ്ഥാനം എന്നും ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. പയ്യന്നൂർ രക്തസാക്ഷികളുടെ കേന്ദ്രഭൂമിയാണ്. പാർട്ടിക്ക് അകത്ത് ചർച്ച ചെയ്ത് പരിഹരിച്ച കാര്യമാണ് ഇപ്പോൾ കുഞ്ഞികൃഷ്ണൻ വിളിച്ച് പറയുന്നത്. കുഞ്ഞികൃഷണൻ ഒറ്റുകാരനെ പോലെ മുന്നോട്ടു വരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പുസ്തകപ്രകാശനത്തിന് മുൻപ് ധനരാജ് രക്തസാക്ഷി ഫണ്ട് കണക്ക് പുറത്തുവിടാൻ വി. കുഞ്ഞികൃഷ്ണൻ സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു. സിപിഐഎം ശ്രമം പുസ്തകമനുസരിച്ച് തട്ടിക്കൂട്ട് കണക്ക് ഉണ്ടാക്കാനാണെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

അഞ്ച് വർഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുന്നു, എന്നാൽ, ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താൻ പാകത്തിലൊരു കണക്ക് പാർട്ടി കമ്മിറ്റിയിൽ എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോൾ തന്നെ പുറത്താക്കാൻ ചേർന്ന കമ്മിറ്റിക്ക് ശേഷം ഏരിയ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ, രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ഇനി തൻ്റെ പുസ്തകം പുറത്തുവരട്ടെ അതിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ച് കണക്ക് തയ്യാറാക്കാം എന്ന നിലപാടാണ് പാർട്ടിക്ക് ഉള്ളതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തൻ്റെ പുസ്തക പ്രകാശന ചടങ്ങിന് മുൻപായി കണക്കുകൾ ജനങ്ങളെ അറിയിക്കാൻ പാർട്ടി തയ്യാറാകണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

Share
error: Content is protected !!