യാത്രക്കാരുടെ സുരക്ഷയ്ക്ക് ‘മുഖം തിരിച്ചറിയൽ’ സംവിധാനം; ടാക്സി ഡ്രൈവർമാർക്കായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം
റിയാദ്: സൗദിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി ‘ഫേഷ്യൽ റെക്കഗ്നിഷൻ’ (മുഖം തിരിച്ചറിയൽ) സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമായാണ് അതോറിറ്റി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. പാസഞ്ചർ ട്രാൻസ്‌പോർട്ട് ആപ്ലിക്കേഷനുകളിൽ (ടാക്സി ആപ്പുകൾ) പ്രവർത്തിക്കുന്നവർക്കാണ് ഇത് ബാധകമാകുക.
ഡ്രൈവർമാരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും വാഹനങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനുമായി പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഡ്രൈവർ തന്നെയാണോ വാഹനം ഓടിക്കുന്നതെന്ന് മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ഉറപ്പുവരുത്താം. ഡാറ്റയുടെ കൃത്യത ഉറപ്പാക്കുന്നതിലൂടെ നിയമലംഘനങ്ങൾ ഒഴിവാക്കാനും മികച്ച സേവനം യാത്രക്കാർക്ക് നൽകാനും സാധിക്കും. നിലവിൽ ടാക്സി ആപ്പുകൾ വഴിയുള്ള ഓൺലൈൻ ടാക്സികളിൽ സ്വദേശികൾക്ക് (സൗദി പൗരന്മാർക്ക്) മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ വിദേശികളുടെ സേവനം പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.
നടപ്പിലാക്കുന്നത് ഈ വർഷം
ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ പുതിയ നടപടിക്രമങ്ങൾ നിലവിൽ വരുമെന്ന് അതോറിറ്റി വിശദീകരിച്ചു. ഡ്രൈവർമാരുടെ യോഗ്യത പരിശോധിക്കുന്നതിനും നിയമപാലനം ഉറപ്പാക്കുന്നതിനുമുള്ള പ്രധാന നിയന്ത്രണ ഉപാധിയായിരിക്കും ഈ പുതിയ രജിസ്ട്രേഷൻ പോർട്ടൽ. നേരത്തെ തന്നെ കമ്പനികൾക്ക് ഫേഷ്യൽ വെരിഫിക്കേഷൻ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും, നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്.
പരാതികൾ അറിയിക്കാം
സേവനങ്ങളിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ മാറ്റങ്ങൾ സഹായിക്കും. യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ പരാതികളോ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, 19929 എന്ന ഏകീകൃത നമ്പറിലൂടെയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.


