നിർമല സീതാരാമന്‍റെ ബജറ്റ്: പ്രഖ്യാപനങ്ങൾ ഓഹരി വിപണിയിൽ എന്തുമാറ്റമുണ്ടാക്കുമെന്ന ആകാംഷയിൽ നിക്ഷേപകർ
നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനങ്ങൾ ഓഹരി വിപണിയിൽ എന്തുമാറ്റമുണ്ടാക്കുമെന്ന ആകാംഷയിലാണ് നിക്ഷേപകർ. ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളൊന്നും വിപണി പ്രതീക്ഷിക്കുന്നില്ല. എന്തെങ്കിലും സർപ്രൈസ് പ്രഖ്യാപനങ്ങൾ ഉണ്ടായാൽ ഇരു സൂചികകളും കുതിച്ചു കയറും. ഞായറാഴ്ച ദിവസങ്ങളിൽ സാധാരണ ഓഹരി വിപണിക്ക് അവധിയാണ്. ഇന്ന് കേന്ദ്രബജറ്റ് പ്രമാണിച്ച് പ്രത്യേക സെഷൻ നടക്കും. മൾട്ടി കമ്മോഡിറ്റി മാർക്കറ്റിലും ഇന്ന് വ്യാപാരമുണ്ട്. ഡെറ്റ്, വിദേശ വിനിമയ വിപണികൾ പ്രവർത്തിക്കില്ല.
എന്നാൽ യുഎസ് താരിഫ് ആഘാതമേറ്റ കയറ്റുമതി മേഖലയ്ക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിപണി കരുതുന്നത്. അങ്ങനെയെങ്കിൽ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റി നിഫ്റ്റി ഇന്ന് മുന്നേറ്റത്തിലാണ്. ഇതും വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നതിന്‍റെ സൂചനയാണ്. കനത്ത ലാഭമെടുപ്പിനെ തുടർന്ന് നഷ്ടത്തിലാണ് വെള്ളിയാഴ്ച ഇരു സൂചികകളും ക്ലോസ് ചെയ്തത്. സെൻസെക്സ് 296.59 പോയിന്‍റും നിഫ്റ്റി 98.25 പോയിന്‍റും നഷ്ടത്തിലായി.
ആദായ നികുതി നിരക്കുകൾ നിലവിൽ പൊതുസ്വീകാര്യമായ നിലയിലാണെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നും സാമ്പത്തിക വിദഗ്‍ധൻ സി.എസ്.രഞ്ജിത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. യഥാർത്ഥ നികുതി ദായകരില്‍ നിന്ന് നികുതി പിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനങ്ങളിലാകും ധനമന്ത്രിയുടെ ഊന്നൽ. തൊഴിലുറപ്പ് പദ്ധതി, പാർപിട പദ്ധതി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. പരിസ്ഥിതി, തീര സംരക്ഷണ പദ്ധതികൾക്കും സാധ്യതയുണ്ട്. വികസന സമീപനത്തോടെയുള്ള ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


