‘നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട; വിജയ സാധ്യത പരിഗണിച്ച് മാത്രം സ്ഥാനാർഥി നിർണയം’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷാഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക.

തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരമാവധി തര്‍ക്കരഹിതമായ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും നടത്തുന്നതിനു മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. 

സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്ത് എത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗം കര്‍ശന നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഡിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ വിശദമായ ചര്‍ച്ചയും നടന്നു. വിജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണയം നടക്കുക. സാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ ശ്രദ്ധിക്കും.

സുനില്‍ കനഗോലു ടീം ഉള്‍പ്പെടെ നടത്തിയ മൂന്നു സര്‍വേകളുടെ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെ 37 പേരാണ് തിരഞ്ഞെടുപ്പ് സമിതിയില്‍ ഉള്ളത്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ യോഗത്തിന് എത്താതിരുന്നത് ചര്‍ച്ചയായി. വിദേശത്തായതിനാല്‍ യോഗത്തിന് എത്തില്ലെന്ന് തരൂര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
….

Share
error: Content is protected !!