പ്രായം മറയാക്കി നടത്തിയത് വൻ അധോലോക ഇടപാടുകൾ; ഗുണ്ടകൾക്ക് ആയുധമെത്തിക്കുന്ന സംഘത്തിലെ 67കാരി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലുമുള്ള ഗുണ്ടാനേതാക്കൾക്കും ക്രിമിനൽ സംഘങ്ങൾക്കും നിയമവിരുദ്ധമായി ആയുധങ്ങൾ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയായ 67-കാരിയെ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ രാംബിരിയാണ് പൊലീസിന്റെ പിടിയിലായത്.

പ്രായം മറയാക്കിയായിരുന്നു ഇവർ മധ്യപ്രദേശിൽ നിന്നും ആയുധങ്ങൾ ശേഖരിച്ച് ഡൽഹിയിലേക്കും മീററ്റിലേക്കും എത്തിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും നാല് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡൽഹി എൻസിആർ മേഖലയിൽ വർധിച്ചുവരുന്ന തോക്ക് ഉപയോഗത്തെത്തുടർന്ന് പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

ആയുധക്കടത്ത് സംഘങ്ങളെക്കുറിച്ച് രഹസ്യവിവരങ്ങൾ ശേഖരിച്ച പൊലീസ് സംഘം രാംബിരിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് തോക്കുകൾ വാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ശൃംഖലയിലെ സജീവ അംഗമായിരുന്നു ഇവർ. പ്രായമായ സ്ത്രീയെന്ന നിലയിൽ പൊലീസിന്റെ പരിശോധനകളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാമെന്നതായിരുന്നു ഇവർക്ക് സംഘത്തിൽ ലഭിച്ച മുൻഗണന. 2003-ൽ ഭർത്താവിന്റെ മരണശേഷമാണ് ഇവർ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. വളരെയധികം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് രാംബിരിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

2008-ൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന 1.48 കോടി രൂപയുടെ ബാങ്ക് കവർച്ചയിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന മറ്റൊരു ബാങ്ക് കവർച്ചയിലും ഇവർക്ക് പങ്കുണ്ടായിരുന്നു. കൂടാതെ 2009-ൽ ഡൽഹിയിലെ കമലാ മാർക്കറ്റിൽ ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. ഗുണ്ടാസംഘങ്ങളുമായുള്ള ഇവരുടെ നിരന്തര ബന്ധം പരിഗണിച്ച് 2009-ൽ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം പ്രകാരവും ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് 2009 മുതൽ 2017 വരെ ജയിൽശിക്ഷ അനുഭവിച്ച രാംബിരി, ജയിൽ മോചിതയായ ശേഷം വീണ്ടും പഴയ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ആയുധക്കച്ചവടം പുനരാരംഭിക്കുകയുമായിരുന്നു. ഇവർക്ക് ആയുധങ്ങൾ നൽകുന്നവരെയും ഇവരിൽ നിന്ന് തോക്കുകൾ വാങ്ങുന്ന ഗുണ്ടകളെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Share
error: Content is protected !!