‘ദൃശ്യം 3’ ഏപ്രിലിൽ എത്തും, വലിയ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാൻ: ജീത്തു ജോസഫ്

കൊച്ചി: ‘ദ്യശ്യം 3’ ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.

‘ദ്യശ്യം 3’ ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

2013 ഡിസംബർ 19 ന് ആണ് ‘ദൃശ്യം’ മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നുവിത്. 75 കോടി രൂപയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷൻ. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

Share
error: Content is protected !!