ആയിരം ഗോൾ നേട്ടത്തിലേക്ക് ഇനി 43 ഗോളുകൾ കൂടി; റൊണാള്‍ഡോയുടെ നേട്ടത്തിനായി ആരാധകരുടെ കാത്തിരിപ്പ്
ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരം ഗോളടിക്കുമോ ഈ വര്‍ഷം. 2026ലെ ഫിഫ ലോകകപ്പ് റൊണാള്‍ഡോയുടേതാകുമോ? ഈവര്‍ഷം ഫുട്ബോള്‍ ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ നോക്കുന്നത് ഇതായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നതാരം. ചാംപ്യന്‍സ് ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരം. റയല്‍മഡ്രിഡിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരം. യൂറോ കപ്പില്‍ കൂടുതല്‍ ഗോള്‍ നേടുന്നതാരം.കൂടുതല്‍ ഹെഡര്‍ ഗോളുകള്‍ നേടുന്നതാരം. ഇങ്ങനെ ഗോളടിയില്‍ റെക്കോര്‍ഡുകളുടെ പൂരം തീര്‍ത്ത താരം. ഗോളടിക്കാന്‍ വേണ്ടി മാത്രം ഒരുതാരം.
ഒരു കംപ്ലീറ്റ് ഫുട്ബോളര്‍ അല്ല അയാള്‍ എന്നുപറയുന്നവരോട് റൊണാള്‍ഡോ മറുപടി നല്‍കുന്നത് ഗോളടിച്ചുകൊണ്ടുതന്നെയാണ്. നാല്‍പത് പിന്നിട്ട റൊണാള്‍ഡോ തന്റെ ശരീരം അതിനായി മെരുക്കിയെടുത്ത് നിര്‍ത്തുന്നതും ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും മണിക്കൂറുകള്‍ പരിശീലനം നടത്തുന്നതും അയാള്‍ ഫുട്ബോളിനെ അത്രയേറെ ഹൃദയത്തിലേറ്റിയതുകൊണ്ടാണ്. ആയിരം ഗോള്‍ എന്ന മാജിക് നമ്പറിലേക്ക് റൊണാള്‍ഡോ എപ്പോഴെത്തും.
ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ആയിരം ഗോളുകള്‍ അടിക്കുന്ന ആദ്യതാരത്തിലേക്ക് റൊണാള്‍ഡോയ്ക്ക് വേണ്ടത് 43 ഗോള്‍ കൂടി. സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ 2025ല്‍ അവസാനം കളിച്ച മല്‍സരത്തിലെ ഗോളിലൂടെ റൊണാള്‍ഡോയുടെ ആകെ ഗോള്‍ നേട്ടം 957ആയി. നാല്‍പത് പിന്നിട്ട റൊണാള്‍ഡോയ്ക്ക് ഫിറ്റ്നസ് നിലനിര്‍ത്താനായാല്‍ 2016ല്‍തന്നെ ആയിരം ഗോള്‍ മാജിക് കാണാനാകും.
ലോക ഫുട്ബോളില്‍ ഇതുവരെ ആരും ആയിരം ഗോളുകള്‍ അടിച്ചതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. സൗദി പ്രോ ലീഗിലെ തുടര്‍ മല്‍സരങ്ങളും ഫിഫ ലോകകപ്പും ഗോള്‍ നേടാനുള്ള അവസരങ്ങളാണ്. ഏഷ്യയിലായാലും യൂറോപിലായാലും കളി ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം കാലം ഫുട്ബോള്‍ കളി തുടരുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടിയിട്ട് 100ലേറെ ഗോളുകള്‍ നേടിയ ഏകതാരമാണ് റൊണാള്‍ഡോ.


