ഡിവൈഡറിലിടിച്ചു, പിന്നാലെ ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ റാംപുർ ജില്ലയിൽ  അമിതഭാരം കയറ്റിവന്ന ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ബൊലേറോയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.  ബൊലേറോ ഡ്രൈവറാണ് മരിച്ചത്. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പഹാഡി ഗേറ്റിന് സമീപം നൈനിറ്റാൾ ദേശീയപാതയിലായിരുന്നു അപകടം. ഉമി കയറ്റിയ ലോറി ഡിവൈഡറിലിടിച്ച ശേഷം ബൊലേറോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.

വിവരം ലഭിച്ചയുടൻ റാംപുർ പോലീസ് സൂപ്രണ്ട് വിദ്യാസാഗർ മിശ്രയും സംഘവും സ്ഥലത്തെത്തി. തകർന്ന ബൊലേറോയ്ക്കുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റാരും ലോറിക്കോ ചരക്കിനോ അടിയിൽ പെട്ടിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരക്കുള്ള രണ്ടുവരി പാതയുടെ ഇടതുവശത്തുനിന്നും ബൊലേറോ യൂടേൺ ചെയ്യാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. വലതുവശം ചേർന്ന് വന്ന ലോറി മുന്നോട്ടുനീങ്ങുകയും തിരിയാൻ ശ്രമിച്ച ബൊലേറോയിൽ തട്ടി ചരക്കുൾപ്പെടെ വാഹനത്തിന് മുകളിലേക്ക് മറിയുകയുമായിരുന്നു. ബൊലേറോ ഇൻഡിക്കേറ്റർ ഇട്ടിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമല്ല.

അപകടത്തിൽപ്പെട്ട വെള്ള ബൊലേറോ യുപി സർക്കാരിന്റെതാണെന്നാണ് വിവരം. വാഹനത്തിന് മുകളിൽ ഉത്തർപ്രദേശ് സർക്കാർ എന്ന് രേഖപ്പെടുത്തിയിരുന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണം. അപകടത്തിൽ മരിച്ചത് ആരെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ പക്കൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

തിരക്കേറിയ ഹൈവേകളിൽ, പ്രത്യേകിച്ച് ഗതാഗതക്കുരുക്കുള്ള ഇടങ്ങളിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് എസ്.പി മുന്നറിയിപ്പ് നൽകി. ഫയർ ഫോഴ്സും പോലീസും ചേർന്ന് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Share
error: Content is protected !!