ബിഗ് ടിക്കറ്റ്: ഇന്ത്യക്കാരന്റെ അക്കൗണ്ടിലെത്തിയത് ഒരു ലക്ഷം ദിർഹം; മനംനിറഞ്ഞ് രാകേഷ്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 23 ലക്ഷത്തോളം രൂപ (ഒരു ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന രാകേഷ് കുമാർ കോട്‌വാനി (37)നാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ നാലു വർഷമായി മുടങ്ങാതെ ടിക്കറ്റെടുത്തിരുന്ന രാകേഷിന് 329976 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് ഭാഗ്യം തുണയായത്.
2019 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന രാകേഷ് ഓൺലൈൻ വഴിയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഭാഗ്യം പരീക്ഷിച്ചു തുടങ്ങിയതും. അപ്രതീക്ഷിതമായി എത്തിയ ഈ സമ്മാനത്തുക തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം ദിർഹം അക്കൗണ്ടിലെത്തിയെങ്കിലും രാകേഷ് തന്റെ ഭാഗ്യപരീക്ഷണം അവസാനിപ്പിക്കാൻ ഒരുക്കമല്ല. യുഎഇയിലെ പ്രവാസികൾക്കിടയിൽ ബിഗ് ടിക്കറ്റ് നൽകുന്ന ആവേശം ചെറുതല്ല. പുതുവർഷം പ്രമാണിച്ച് 3 കോടി ദിർഹത്തിന്റെ (ഏകദേശം 67 കോടിയിലധികം രൂപ) വൻ സമ്മാനത്തുകയുമായാണ് ബിഗ് ടിക്കറ്റ് അബുദാബി 2026നെ വരവേൽക്കുന്നത്.


