സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍; നാടകീയമായി തിരു.പുരത്തെ സത്യപ്രതിജ്ഞ

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗണ്‍സില്‍ ഹാളില്‍  ആര്‍എസ്എസ് ഗാനമായ  ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. കോര്‍പറേഷനെ കാവിവത്ക്കരിക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു.

പ്രധാനമന്ത്രിയെക്കൊണ്ടുവന്ന് വികസന രേഖ പുറത്തിറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചു. അസ്ഥാനത്തുള്ള മുദ്രാവാക്യങ്ങള്‍‌ക്ക് മറുപടി ഭരണഘടനയാണെന്ന് പറഞ്ഞ കെ.എസ്. ശബരീനാഥനും കോണ്‍ഗ്രസ് അംഗങ്ങളും ഭരണഘടന ഉയര്‍ത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. 

ആദ്യ കൗണ്‍സില്‍ യോഗത്തിന് തൊട്ടുമുമ്പാണ് ബിജെപി പ്രവര്‍ത്തകര്‍ ഗണഗീതം പാടി ഭാരതാംബയ്ക്ക് ജയ് വിളിച്ചത്. വര്‍ഗീയത പടര്‍ത്താനുളള ശ്രമം ശക്തമായി ചെറുക്കുമെന്ന് സിപിഎം പറഞ്ഞു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍  ദര്‍ശനം നടത്തി പാളയം സെന്‍റ് ജോസഫ്സ് പളളിയില്‍ മെഴുകുതിരികളും കത്തിച്ചശേഷമാണ് 50 അംഗങ്ങളുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞയ്ക്കെത്തിയത്. 

സംസ്കൃതത്തില്‍ പ്രതിജ്ഞയെടുത്ത കരമന അജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്ത മുതിര്‍ന്ന യുഡിഎഫ്  അംഗം ക്ളീറ്റസിന്‍റെ കാല്‍തൊട്ട് വന്ദിച്ചു. ശരണം വിളിച്ചാണ് യുഡിഎഫ് അംഗം മേരി പുഷ്പം പ്രതിജ്ഞയെടുത്തത്.  ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പ്രതിപക്ഷ നിരയിലേയ്ക്ക് ഒതുങ്ങുമ്പോള്‍ മേയര്‍ ആരാകും എന്ന ചര്‍ച്ചകള്‍ സജീവമാക്കുകയാണ് ബിജെപി.

Share