മെസിയെ കണ്ടത് ‘സ്വന്തക്കാർ’ മാത്രം, സെൽഫിക്ക് തിരക്കുകൂട്ടി പോലീസും
കൊൽക്കത്ത: ഫുട്ബോളിന്റെ തറവാട്ടുമുറ്റമായി അറിയപ്പെടുന്ന സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത് കൊൽക്കത്തയ്ക്ക് ഒരിക്കലും മറക്കാനാകാത്ത അക്രമസംഭവങ്ങൾ. അർജന്റീനാ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടി സംഘടാന പിഴവിനാൽ രാജ്യത്തിന് തന്നെ നാണക്കേടായി.
വൻതുക നൽകി ടിക്കറ്റ് നേടിയിട്ടും മെയിയെയും സഹതാരങ്ങളെയും ഒരുനോക്കുപോലും കാണാൻ കഴിയാതിരുന്നതാണ് സ്റ്റേഡിയത്തിൽ നിറഞ്ഞ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. കസേരകളും ബോർഡുകളും ബാനറുകളുമടക്കം കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. മൈതാനത്തേക്കിറങ്ങിയ ആരാധകരെ പൊലീസ് അടിച്ചോടിക്കുകയായിരുന്നു.
‘Goat Tour’ എന്നുപേരിട്ട മൂന്ന് ദിവസത്തെ ഇന്ത്യൻ പര്യടനം ‘എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവാ’ണ് സ്പോൺസർ ചെയ്തിരുന്നത്. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് 5000 രൂപ മുതൽ 25,000 രൂപവരെ ടിക്കറ്റുണ്ടായിരുന്നു. രാവിലെ മുതൽ ടിക്കറ്റെടുത്ത് സ്റ്റേഡിയത്തിൽ കയറിയവർക്ക് മെസിയെ കാണാൻ സാധിക്കാതിരുന്നതാണ് പ്രശ്നം വഷളാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അരലക്ഷത്തോളം ആളുകൾ കൊൽക്കത്തയിൽ എത്തിയിരുന്നു.


