പിടിച്ചെടുത്തത് 2900 കിലോ സ്ഫോടകവസ്തുക്കൾ, അറസ്റ്റിന് പിന്നാലെ സ്ഫോടനം?
ന്യൂഡൽഹി: ജമ്മു-കശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടർമാരടക്കം എട്ടുപേർ അറസ്റ്റിലായതിനു പിന്നാലെയാണ് സ്ഫോടനമെന്നതിനാൽ ഭീകരസംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായവരിൽനിന്ന് 2900 കിലോ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 360 കിലോഗ്രാം ആർഡിഎക്സാണ്. ജെയ്ഷെ മുഹമ്മദ്, അൻസാർഘസ് വാത്ഉൾഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവർത്തകരാണ് പിടിയിലായത്.ആഭ്യന്തരമന്ത്രി അമിത്‌ഷാ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ചെങ്കോട്ടയും ഡൽഹിയിലെ ജമാമസ്ജിദും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകുന്നേരങ്ങളിലായതിനാൽ ഈ സമയംനോക്കി ആസൂത്രിതമായിനടത്തിയ സ്ഫോടനമാണെന്നാണ് പോലീസ് നിഗമനം. കാറിനകത്ത് എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്ഫോടനശബ്ദം 30 സെക്കൻഡോളം നീണ്ടു. തീയണയ്ക്കാൻ അരമണിക്കൂറിലേറെ വേണ്ടിവന്നതായി ഫയർഫോഴ്‌സ് വൃത്തങ്ങൾ പറഞ്ഞു.
15-20 വാഹനങ്ങളെങ്കിലും സ്ഫോടനസമയത്ത് അവിടെയുണ്ടായിരുന്നതായി സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയായ പറഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാ വാഹനങ്ങളിലുമായി അൻപതോളം ആളുകളെങ്കിലുമുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് താനും ഇറങ്ങിയെന്നും ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഭീകരമായ സംഭവത്തിന് ദൃക്‌സാക്ഷിയാവുന്നതെന്നും മൗസിൻ അലി പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഡൽഹി നഗരത്തിൽ അതിജാഗ്രത പ്രഖ്യാപിച്ചു. സ്ഫോടനമുണ്ടായ ഉടൻ പോലീസും 24-ഓളം അഗ്നിരക്ഷാ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഭീകരവാദവിരുദ്ധ സ്ക്വാഡും ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കാറുകൾ കത്തിയമരുന്ന വീഡിയോദൃശ്യങ്ങളിൽ സംഭവത്തിന്റെ ഭീകരത പ്രകടമാണ്.


