ആഴ്ചയിലെ അവധി ദിവസത്തിനു പകരം വേതനം?; സൗദിയിൽ പുതിയ തൊഴിൽ നിയമം ഗുണകരമോ?
റിയാദ്: ആഴ്ചയിലെ അവധി ദിവസത്തിനു പകരം വേതനം നൽകി പണിയെടുക്കുന്നത് തടയുന്നതടക്കമുള്ള പുതിയ നിയമങ്ങളുമായി സൗദി തൊഴിൽവകുപ്പ്. തൊഴിലാളികളുടേയും ജീവനക്കാരുടേയും മാനുഷിക അവകാശങ്ങൾ സംരക്ഷിച്ച് ശക്തീകരിക്കുന്നതിന് ഉതകുന്ന കാര്യങ്ങൾ മുൻനിർത്തിയാണ് പുതിയ നിയമ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
തൊഴിലാളിയുടെ ജോലി സമയം, വിശ്രമം, ആഴ്ചവട്ട അവധി എന്നിവയടക്കമുള്ള അവകാശങ്ങളെ ശാക്തീകരിക്കുന്നതിനാണ് കർശന നിയന്ത്രണങ്ങളുമായി തൊഴിൽ വകുപ്പ് പുത്തൻ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിയിരിക്കുന്നത്.
തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസം പരിപൂർണ്ണ വിശ്രമം നൽകിയിരിക്കണം എന്നാണ് പുതിയ നിയമം കർശനമാക്കിയിരിക്കുന്നത്. ആഴ്ചയിലെ അവധിക്കു പകരം വേതനമോ അധിക കൂലിയോ നൽകി പണിയെടുപ്പിക്കുന്നത് പാടില്ലെന്നാണ് നിയമം വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലാളിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ മുൻകരുതി ജോലിസ്ഥലത്ത് 12 മണിക്കൂറിൽ ഏറെ സമയം തുടരാനോ തങ്ങാനോ പാടില്ലെന്നും പുതിയ നിയമം പറയുന്നു.
ഒരു തൊഴിലാളിയെക്കൊണ്ടും തുടർച്ചയായി 5 മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കാൻ പാടില്ല. ജോലി സമയത്തിനിടയിൽ പ്രാർഥന നിർവഹിക്കുന്നതിനും, ഭക്ഷണത്തിനുമായി ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് വിശ്രമം നിർബന്ധമായും നൽകേണ്ടതാണെന്നും നിയമം പറയുന്നു. നിലവിൽ സൗദിയിൽ വെള്ളിയാഴ്ചയാണ് ആഴ്ചവട്ടത്തിലെ അവധി ദിനം നൽകുന്നത്.
പക്ഷേ, തൊഴിൽ ഉടമയ്ക്ക് അതാത് സ്ഥലത്തെ ബന്ധപ്പെട്ട തൊഴിൽവകുപ്പ് കാര്യാലയവുമായി ബന്ധപ്പെട്ട് തൊഴിൽ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ചില തൊഴിലാളികൾക്ക് വാരാന്ത്യ അവധി മറ്റൊരു ദിവസമാക്കി നൽകുന്നതിന് തീരുമാനമെടുക്കാവുന്നതാണ്. തൊഴിൽ വകുപ്പിന്റെ പുതുക്കിയ നിയമങ്ങൾ പാലിക്കാത്ത തൊഴിൽ സ്ഥാപന ഉടമകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.


