സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഉയരങ്ങളിലേക്ക്…..ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

റിയാദ്‌: സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി മുൻ വർഷത്തെ ഇതേ കാലയാളവിനേക്കാൾ 5.5 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ അന്താരാഷ്ട്ര വ്യാപാര ബുള്ളറ്റിനിൽ വെളിപ്പെടുത്തി.

വ്യാപാര മിച്ചം 4.1 ശതമാനത്തിന്റെ വളർച്ചയോടെ 2420 കോടി റിയാലിന്റെ മിച്ചമായി രേഖപ്പെടുത്തി. ഇതിന് പ്രധാന കാരണമായത് ഇറക്കുമതിയിൽ 7.4 ശതമാനത്തിന്റെ വർധനവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എണ്ണ ഇതര കയറ്റുമതികളുടെ ഇറക്കുമതിയിലേക്കുള്ള അനുപാതം കഴിഞ്ഞ വർഷത്തെ 39.8 ശതമാനത്തിൽ നിന്ന് 39.1 ശതമാനമായി കുറഞ്ഞു. മെഷീനറി, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്‌പെയർപാർട്സ് എന്നിവ ആകെ എണ്ണ ഇതര കയറ്റുമതികളുടെ 25.4 ശതമാനവും കെമിക്കൽ ഉൽപ്പന്നങ്ങൾ 22.7 ശതമാനവും വഹിച്ചു.

ഇറക്കുമതിയിൽ മെഷീനറി, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്‌പെയർപാർട്സ് എന്നിവ കഴിഞ്ഞ വർഷത്തേക്കാൾ 24.7 ശതമാനം വർധനയോടെ 29.8 ശതമാനം പങ്കുവഹിച്ചു. ട്രാൻസ്പോർട്ട് ഉപകരണങ്ങൾ, സ്‌പെയർപാർട്സ് എന്നിവ 6.1 ശതമാനം വർധനയോടെ 14.1 ശതമാനമായി. ഓയിൽ കയറ്റുമതിയും 7 ശതമാനം വളർച്ച കൈവരിച്ചു. ആകെ ഉൽപ്പന്ന കയറ്റുമതികളിൽ ഓയിൽ കയറ്റുമതിയുടെ പങ്ക് 2024 ഓഗസ്റ്റിലെ 70.2 ശതമാനത്തിൽ നിന്ന് 70.5 ശതമാനമായി ഉയർന്നു.

ഈ കാലയളവിൽ ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ആകെ കയറ്റുമതികളുടെ 16.2 ശതമാനം ചൈനയിലേക്കും ഇറക്കുമതികളുടെ 26.4 ശതമാനവും ചൈനയിൽ നിന്നുമുമാണ്. യുഎഇ 11.1 ശതമാനം കയറ്റുമതിയും 5.4 ശതമാനം ഇറക്കുമതിയും നേടി രണ്ടാം സ്ഥാനത്തും ഇന്ത്യ 9.2 ശതമാനത്തോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ദമ്മാമിലെ കിംഗ് അബ്ദുൽഅസീസ് തുറമുഖം ഇറക്കുമതികളുടെ 25.6 ശതമാനവും ജിദ്ദ ഇസ്ലാമിക് തുറമുഖം 21.9 ശതമാനവും കൈകാര്യം ചെയ്തു. ലോക കസ്റ്റംസ് ഓർഗനൈസേഷൻ വികസിപ്പിച്ച ഹാർമോണൈസ്ഡ് സിസ്റ്റം (എച്ച് എസ്) പ്രകാരമാണ് സൗദി കയറ്റുമതികളും ഇറക്കുമതികളും വേർത്തിരിച്ചിരിക്കുന്നത്.

Share
error: Content is protected !!