ബസിൻ്റെ ക്യാമറയില്‍ നമ്പര്‍ പതിഞ്ഞു, വഴിയാത്രക്കാരിയെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനെ പൊലീസ് വീട്ടിലെത്തി പൊക്കി

പുതുക്കാട്: ദേശീയപാതയില്‍ സിഗ്നല്‍ തെറ്റിച്ച് എത്തി വഴിയാത്രക്കാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്കുകാരനെ വീട്ടിലെത്തി പിടികൂടി പോലീസ്. പുതുക്കാട് സ്വദേശി ഇമ്മാനുവലിനെയാണ് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. സിഗ്നലില്‍ കിടന്നിരുന്ന സ്വകാര്യ ബസില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇതിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബൈക്ക് ഓടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തത്.
.
അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്തുന്നതിനായി ബൈക്ക് പോയ ദിശയില്‍ സ്ഥാപിച്ചിരുന്ന 50-ല്‍ അധികം ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. അപകടമുണ്ടാക്കിയ ബൈക്ക് പുതുക്കാട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയതെങ്കിലും പാലിയേക്കര ടോള്‍ പ്ലാസ കടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുക്കാട് സെന്റര്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. ഒടുവിലാണ് പുതുക്കാട് തെക്കേത്തുറവ് സ്വദേശിയായ യുവാവിനെ പിടികൂടിയത്.
.
സ്വകാര്യ ബസിലെ ക്യാമറയിലാണ് ഇമ്മാനുവല്‍ ഓടിച്ച സ്‌പെന്‍ഡര്‍ ബൈക്കിന്റെ നമ്പര്‍ പതിഞ്ഞത്. പിന്നീട് മറ്റ് ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്ന് പുതുക്കാട് സിഗ്നലിന് ശേഷം കേളിപ്പാടം ഭാഗത്തേക്ക് ബൈക്ക് പോയതായി കണ്ടെത്തുകയും ചെയ്തു. ബൈക്കിന്റെ നമ്പര്‍ ലഭിച്ചത് ഉടമയെ കണ്ടെത്താന്‍ സഹായകമായി. വാഹന രേഖകളില്‍ നിന്ന് ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വീട്ടിലെത്തി പിടികൂടിയത്. ബെംഗളൂരുവില്‍ നേഴ്‌സിങ് വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ അവധിക്ക് നാട്ടില്‍ എത്തിയ ശേഷം കോഫി ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു.
.
ഒക്ടോബര്‍ 18 ശനിയാഴ്ചയാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട സമയത്ത് അമിത വേഗതയില്‍ സിഗ്‌നല്‍ കടന്നുപോകാന്‍ ശ്രമിച്ച ബൈക്ക് മുപ്ലിയം പേക്കാട്ടില്‍ സെലീന(68)യെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എന്നാല്‍, അപകടമുണ്ടായത് അറിഞ്ഞിട്ടും ഇമ്മാനുവല്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. ബസില്‍നിന്നിറങ്ങിയ സെലീന മകളുടെ വീട്ടിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

Share
error: Content is protected !!