സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കി തുടങ്ങി; ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമാകും

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ അക്കൗണ്ടിംഗ് തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള സുപ്രധാന തീരുമാനത്തിന്റെ ആദ്യഘട്ടം ഇന്ന് മുതൽ ആരംഭിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 40 ശതമാനം സ്വദേശിവൽക്കരണമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ നൽകുക, സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് തൊഴിലുകളിൽ ദേശീയ കേഡറുകളുടെ പങ്കാളിത്തം വർധിപ്പിക്കുക, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
.

ഘട്ടംഘട്ടമായി വർദ്ധനവ്

അഞ്ച് വർഷം കൊണ്ട് അഞ്ച് ഘട്ടങ്ങളിലായാണ് സ്വദേശിവൽക്കരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുന്നത്.

  • ഒന്നാം ഘട്ടം (ഇന്ന് മുതൽ): അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരുള്ള സ്ഥാപനങ്ങളിൽ 40 ശതമാനം.
  • രണ്ടാം ഘട്ടം (2026 ഒക്ടോബർ 27): 50 ശതമാനമായി വർദ്ധിപ്പിക്കും.
  • മൂന്നാം ഘട്ടം (2027 ഒക്ടോബർ 27): 60 ശതമാനമായി വർദ്ധന.
  • നാലാം ഘട്ടം (2028 ഒക്ടോബർ 27): അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരുള്ള സ്ഥാപനങ്ങളിൽ ഇത് 70 ശതമാനമായി ഉയർത്തും.
  • അഞ്ചാം ഘട്ടം (നാലാം ഘട്ടത്തിനൊപ്പം): മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ 30 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കും.

വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വിവിധ മേഖലകളിലെ 269 തൊഴിലുകളിൽ സ്വദേശിവൽക്കരണ നിരക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനം കഴിഞ്ഞ ജനുവരിയിലാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.

അനേകം ഇന്ത്യക്കാരടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്ന മേഖലയാണ് അക്കൗണ്ടിംഗ്. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ഈ മേഖലയിലെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാവാനുള്ള സാധ്യതയുണ്ട്.

Share
error: Content is protected !!