മക്കയിൽ കിങ് സൽമാൻ ഗേറ്റ് പദ്ധതി: ഹജ്ജ്-ഉംറ തീർഥാടനം ഇനി കൂടുതൽ എളുപ്പമാകും; ലക്ഷ്യം 9 ലക്ഷം പേർക്ക് പ്രാർഥനാ സൗകര്യം, പ്രവാസികൾക്കുൾപ്പെടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ
റിയാദ്: ഹജ്ജ്, ഉംറ തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മക്കയിൽ കിങ് സൽമാൻ ഗേറ്റ് പദ്ധതി പ്രഖ്യാപിച്ചു. സൗദി കിരീടാവകാശിയാണ് ഈ മാസം 15-ന് ബഹുമുഖ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒമ്പത് ലക്ഷം പേർക്ക് കൂടി മസ്ജിദുൽ ഹറാമിനോട് ചേർന്ന് പ്രാർഥനാ സൗകര്യം ഒരുങ്ങും.
വിഷൻ 2030 ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതിയാണിത്. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. 2036 ഓടെ സ്വദേശികൾക്കും വിദേശികൾക്കുമായി ഈ അവസരങ്ങൾ ലഭ്യമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഹജ്ജ്, ഉംറ സീസണുകളിൽ ഹറമിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും.
മക്ക ഹറമിന്റെ പടിഞ്ഞാറ് ഭാഗത്ത് ജർവൽ പ്രദേശത്തോട് ചേർന്നാണ് കിങ് സൽമാൻ ഗേറ്റ് നിർമിക്കുന്നത്. ഹോട്ടലുകൾ, വിപുലമായ പ്രാർഥനാ സൗകര്യങ്ങൾ, ചരിത്ര-പൈതൃക പ്രദർശനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് (പി.ഐ.എഫ്) കീഴിലുള്ള റൂഅ അൽ ഹറം കമ്പനിയാണ് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്. വിഷൻ 2030-ന്റെ ഭാഗമായി പ്രതിവർഷം 30 ദശലക്ഷം വിദേശ തീർഥാടകരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ കിങ് സൽമാൻ ഗേറ്റ് പദ്ധതിക്ക് നിർണായക സ്ഥാനമുണ്ടാകും.


