സൗദിയിൽ ‘വസം’ സീസൺ ആരംഭിച്ചു; ഇനി രാത്രി കാലങ്ങളിൽ തണുക്കും, മഴക്കും സാധ്യത

റിയാദ്: സൗദി അറേബ്യയിൽ ‘വസം’ സീസൺ ആരംഭിച്ചു. വേനലിൽ നിന്ന് തണുപ്പിലേക്ക് രാജ്യം കടക്കുന്ന ഈ 52 ദിവസക്കാലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഈ സമയത്ത് രാജ്യത്ത് താപനില കുറയുകയും മഴയ്ക്കുള്ള സാധ്യത വർധിക്കുകയും ചെയ്യും.

അൽ അവ, അസ്സമാക്, അൽ ഗഫ്ർ, അൽ സബാന എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് വസം സീസണിൽ ഉൾപ്പെടുന്നത്. മിതമായ കാലാവസ്ഥയും മഴമേഘങ്ങളാൽ നിറഞ്ഞ ആകാശവുമാണ് ഈ കാലയളവിലെ പ്രധാന സവിശേഷത.
.
വസന്തകാലത്ത് ഭൂമിയിൽ സസ്യങ്ങൾ വളർന്ന് പച്ചപ്പ് നിറയ്ക്കുന്നതിനാലാണ് ഈ സീസണിന് ‘വസം’ എന്ന് പേര് നൽകിയിട്ടുള്ളത്. ‘ഭൂമിയെ അടയാളപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു’ എന്നാണ് ഈ പേരിന് പിന്നിലെ ആശയം.

അറേബ്യൻ ഉപദ്വീപിലൂടെയുള്ള ദേശാടന പക്ഷികളുടെ സഞ്ചാരം, സിദ്ർ തേൻ വിളവെടുപ്പ് എന്നിവ ഈ സീസണിന്റെ പ്രധാന പ്രത്യേകതകളാണെന്ന് അസീർ മേഖലയിലെ കാർഷിക ഗവേഷകനായ ഡോ. അബ്ദുല്ല അൽ മൂസ പറഞ്ഞു.

.
പകൽ സമയത്ത് മിതമായ കാലാവസ്ഥയും വൈകുന്നേരങ്ങളിൽ തണുപ്പുമാണ് സീസണിൽ അനുഭവപ്പെടുക. കാർഷിക പ്രവർത്തനങ്ങൾക്കും മരുഭൂ യാത്രകൾക്കും ഏറ്റവും അനുയോജ്യമായ സമയമാണിത്. എന്നാൽ, രാത്രിയിൽ തണുപ്പ് കൂടുന്നത് കാരണം കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള ആരോഗ്യ പ്രയാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോ. അൽ മൂസ കൂട്ടിച്ചേർത്തു. അതിനാൽ ഈ സമയത്ത് പൊതുജനം ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Share
error: Content is protected !!