ഗൾഫിൽ വരുംദിവസങ്ങൾ മഴ കനക്കാൻ സാധ്യത; യുഎഇയിൽ എല്ലാ പള്ളികളിലും ഇന്ന് ‘ഇസ്തിസ്ഖാ’ നമസ്കാരം

ദുബായ്: വേനൽക്കാലത്തിനും ശീതകാലത്തിനുമിടയിലുള്ള മാറ്റത്തിന്റെ ഭാഗമായി യുഎഇയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. മിക്ക ഗൾഫ് രാജ്യങ്ങളിലും ഈ മാറ്റം പ്രകടമാകും. അതേസമയം, യുഎഇയിൽ മഴ ലഭിക്കുന്നതിനായി പ്രാർഥന നിർവഹിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകിയതനുസരിച്ച് ഇന്ന് (17) ജുമുഅക്ക് മുൻപ് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്കാരം നടത്തും.
.
അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മിതമായതും ശക്തവുമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റമാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം) അറിയിച്ചു. ഉപരിതലത്തിലെ ന്യൂനമർദ്ദ വ്യവസ്ഥയും അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയിലെ ന്യൂനമർദ്ദവും പരസ്പരം പ്രതിപ്രവർത്തിച്ചതാണ് കൂടുതൽ മേഘങ്ങൾ രൂപപ്പെടാനും അന്തരീക്ഷത്തിൽ അസ്ഥിരത സൃഷ്ടിക്കാനും കാരണമായത്.
.
ഈ മാസം 21 മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മേഖലയെ സ്വാധീനിച്ചു തുടങ്ങിയത്. ഇത് ഉയർന്ന ഈർപ്പത്തിനും മേഘങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് പ്രഭാതങ്ങളിൽ ഇത് മലയോര പ്രദേശങ്ങളിലും തെക്കുകിഴക്കൻ മേഖലകളിലും ചിലപ്പോൾ കനത്ത മഴയിലേക്ക് നയിച്ചേക്കാം. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലും ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനമുണ്ട്. ഇത് ഈ സംക്രമണ കാലഘട്ടത്തിൽ സാധാരണമാണ്.
.
അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ പതിവായ യുഎഇയിൽ താപനിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. കടുത്ത ചൂടിൽനിന്ന് ഒരു ആശ്വാസമാണ് ഈ തണുപ്പ്. ഞായറാഴ്ച അബുദാബിയിലെ അൽ ഷവാമിഖിൽ 39.3°C ആയിരുന്നു കൂടിയ താപനില. എന്നാൽ, റാസൽഖൈമയിലെ പർവത പ്രദേശങ്ങളിൽ കുറഞ്ഞ താപനില 18.1°C വരെ എത്തി. ദുബായിലെ എക്സ്പോ ഏരിയയിൽ കഴിഞ്ഞ ആഴ്ച മിതമായതും കനത്തതുമായ മഴ ലഭിച്ചിരുന്നു. ചിലപ്പോൾ ഈ മേഘങ്ങൾ ആലിപ്പഴം പോലും ഉണ്ടാക്കാറുണ്ട്. അന്തരീക്ഷത്തിലെ അസ്ഥിരതയ്ക്ക് അറബിക്കടലിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ അവശേഷിപ്പുകളും വടക്ക്-പടിഞ്ഞാറൻ, കിഴക്കൻ കാറ്റുകളും ഒരു കാരണമാണ്. ഡിസംബർ 21നാണ് ഔദ്യോഗികമായി ശീതകാലം ആരംഭിക്കുന്നതെങ്കിലും ഇപ്പോൾത്തന്നെ അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങൾ കാണുന്നുണ്ട്. മേഘങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ ക്ലൗഡ് സീഡിങ് തുടരുമെന്നും ഡോ. ഹബീബ് അറിയിച്ചു.

Share
error: Content is protected !!