മരണംവരെ ഭർത്താവിനെ വിശ്വസിച്ചു; ഇഞ്ചിഞ്ചായി കൊന്നിട്ടും അഭിനയം; ക്രൂരതയുടെ ചുരുളഴിച്ചത് സഹോദരിക്ക് തോന്നിയ സംശയം

ബെംഗളൂരു: വളരെ ആസൂത്രിതമായിട്ടായിരുന്നു ബെംഗളൂരുവിൽ വനിതാ ഡോക്ടറെ ഭർത്താവ് കൊലപ്പെടുത്തിയത്. സാധാരണ മരണത്തിൽ ഒതുങ്ങിയ കേസ്, സഹോദരിക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അതിക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭാര്യയെ ഇഞ്ചിഞ്ചായി ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
.
ഡോക്ടർ ആയതുകൊണ്ടുതന്നെ കൊലപാതകത്തിന് തിരഞ്ഞെടുത്തതും തന്റെ പ്രൊഫഷനെ ദുരുപയോഗംചെയ്തുകൊണ്ടായിരുന്നു. രോഗബാധിതയായ ഭാര്യയെ വീട്ടിൽ വെച്ചുതന്നെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി.  സാധാരണ മരണമെന്ന് വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചു.

കൊല്ലപ്പെട്ട കൃതിക റെഡ്ഡിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയത്. റേഡിയോളജിസ്റ്റായ ഡോ. നികിത എം. റെഡ്ഡിയാണ് മരണത്തിൽ സംശയമുന്നയിച്ചത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മാസങ്ങൾക്ക് ശേഷം മരണത്തിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കൃതിക ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വീട്ടില്‍വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെന്നുമായിരുന്നു ഡോ. മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. ആശുപത്രിയില്‍ എത്തിച്ചത് മരിച്ചനിലയിലായിരുന്നു.
.
സംശയാസ്പദമായ സാഹചര്യത്തില്‍ കാന്യുല സെറ്റും ഇന്‍ജക്ഷന്‍ സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിനിടെ വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് ശരീരത്തില്‍ അനസ്‌തേഷ്യയ്ക്ക് നല്‍കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

എല്ലാം അറിഞ്ഞിട്ടും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു പ്രതിയുടെ പെരുമാറ്റം. ഇയാളെ അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിലും ഭാര്യയുടെ മരണം സ്വാഭാവികമാണെന്ന നിലപാടിൽ മഹേന്ദ്ര ഉറച്ചു നിന്നതായാണ് റിപ്പോർട്ട്. യാതൊരു വികാരവുമില്ലാതെയായിരുന്നു പ്രതി ചോദ്യം ചെയ്യലിൽ പ്രതികരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഡോക്ടർ എന്ന നിലയിലുള്ള പരിജ്ഞാനം ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മഹേന്ദ്രയുടെ നീക്കങ്ങൾ. കൃതികയുടെ ആരോഗ്യസ്ഥിതികളെക്കുറിച്ച് നിരന്തരം മഹേന്ദ്ര നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഏപ്രിൽ 23-ന് കൃതികയെ ചികിത്സിച്ച ശേഷം മഹേന്ദ്ര തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ പോയി സുഖമായുറങ്ങി. പിറ്റേ ദിവസം രാവിലെ അബോധാവസ്ഥയിൽ കൃതികയെ കണ്ടതോടെയാണ് ഹോസ്പിറ്റലിൽ എത്തിക്കുന്നത്. അപ്പോഴേക്കും കൃതിക മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് മഹേന്ദ്ര നിർബന്ധിക്കുക മാത്രമല്ല സ്വന്തം നാട്ടിൽ തന്നെ ദഹിപ്പിക്കണമെന്നും മഹേന്ദ്ര വാശിപിടിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം കൂടാതെ ശവസംസ്കാരം അനുവദിക്കാൻ കൃതികയുടെ കുടുംബം വിസമ്മതിക്കുകയായിരുന്നു.
.
രണ്ടുകോടി രൂപ ചെലവിട്ടാണ് 2024-ൽ ഇരുവരുടേയും വിവാഹം നടന്നത്. സാമ്പത്തിക ഇടപാടും വിവാഹേതര ബന്ധവും കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. കൃതികയുടെ കുടുംബത്തോട് സാമ്പത്തികമായി മഹേന്ദ്ര സഹായം ചോദിച്ചിരുന്നു. എന്നാൽ, കൂടുതൽ പരിശീലനം നേടിയ ശേഷം പുതിയ ആശുപത്രി ആരംഭിക്കാമെന്നായിരുന്നു കൃതികയുടെ കുടുംബം അന്ന് മഹേന്ദ്രയോട് പറഞ്ഞതെന്ന് സഹോദരിയുടെ ഭർത്താവ് മോഹൻ റെഡ്ഡി പറഞ്ഞു.

ഏപ്രിൽ 21-നാണ് കൃതികയ്ക്ക് ഗ്യാസ്ട്രൈറ്റിസ് ഉണ്ടെന്ന് പരാതിപ്പെടുന്നത്. തുടർന്ന് വീട്ടിൽവെച്ചു തന്നെ മഹേന്ദ്ര ഐവി ചികിത്സ ആരംഭിക്കുകയായിരുന്നു. ഏപ്രിൽ 22ന് വിശ്രമം ആവശ്യമെന്ന് പറഞ്ഞ് കൃതികയെ മഹേന്ദ്ര അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. രാത്രിയിൽ വീണ്ടും ഐവി ഡോസ് നൽകാൻ അദ്ദേഹം തിരിച്ചെത്തി. ഏപ്രിൽ 23-ന്, ഐവി ചികിത്സ തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് മഹേന്ദ്രയ്ക്ക് കൃതിക സന്ദേശം അയച്ചു. എന്നാൽ, ചികിത്സ നിർത്തരുതെന്നും ഞാൻ രാത്രിയിൽ വരാമെന്നും മഹേന്ദ്ര പറഞ്ഞു. തുടർന്ന് രാത്രിയിൽ വീണ്ടും വീട്ടിലെത്തി മറ്റൊരു ഡോസ് കൂടി നൽകുകയായിരുന്നു. ഏപ്രിൽ 24-ന് രാവിലെ കൃതികയെ അവശനിലയിൽ കണ്ടതോടെ കുടുംബം കാവേരി ആശുപത്രിയിലെത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ വെച്ച് ഭർത്താവ് ഒന്നും വെളിപ്പെടുത്തിയില്ല. ഭാര്യയ്ക്ക് സുഖമില്ലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നതായുമാണ് പറഞ്ഞത്.

കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പ്രതികരിച്ചു. മരിച്ച കൃതിക റെഡ്ഡിയും ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡിയും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡോക്ടമാരായിരുന്നു. 2024 മേയ് 26-നായിരുന്നു ഇരുവരുടെയും വിവാഹം.

Share
error: Content is protected !!