ഈ വർഷത്തെ ഹജ്ജിന് കടുത്ത നിയന്ത്രണം; ഗർഭിണികൾക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും ഹജ്ജിന് അനുമതിയില്ല, അപേക്ഷനൽകിയ പലർക്കും അവസരം നഷ്ടമാകും

റിയാദ്: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അനുവദിക്കേണ്ടതില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. ആരോഗ്യകാരണങ്ങളാൽ ഹജ്ജ് വേളയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക് അനുമതി നിഷേധിക്കാനാണ് തീരുമാനം. പ്രായമേറിയ തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ഹജ്ജ് വേളയിലെ മരണനിരക്ക് ഉയരുന്ന സാഹചര്യവുമാണ് സൗദി ഈ കർശന നിലപാടെടുക്കാൻ കാരണം.

ആർക്കൊക്കെ അനുമതിയില്ല?

  • ഡയാലിസിസ് ചികിത്സയിലുള്ള രോഗികൾ
  • ഗുരുതരമായ ഹൃദ്രോഗമുള്ളവർ
  • ഓക്സിജൻ സപ്പോർട്ട് ആവശ്യമുള്ള രോഗികൾ
  • കീമോതെറാപ്പിക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന കാൻസർ രോഗികൾ
  • ക്ഷയരോഗം (ടി.ബി) ഉള്ളവർ
  • പ്രസവിക്കാൻ മൂന്ന് മാസം മാത്രം ബാക്കിയുള്ള ഗർഭിണികൾ

നിലവിൽ ഹജ്ജിന് അപേക്ഷിച്ചവരിൽ ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് അവസരം നഷ്ടമാകും. തീർത്ഥാടകരുടെ ആരോഗ്യപരിശോധന ഉറപ്പാക്കാൻ ഓരോ രാജ്യങ്ങൾക്കും സൗദി അറേബ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ അതത് സംസ്ഥാനങ്ങൾക്ക് കൈമാറിക്കഴിഞ്ഞു. നിയമം ലംഘിച്ച് എത്തുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം നിഷേധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഹജ്ജ് ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ വിമാനം ഏപ്രിൽ 18ന്

അതേസമയം, അടുത്ത വർഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂൾ സൗദി പുറത്തിറക്കി. ഏപ്രിൽ 18-ന് ആദ്യ വിമാനം സൗദി അറേബ്യയിലെത്തും. ഇന്ത്യയിൽ നിന്നുള്ള ആദ്യ സർവീസ് അന്നേ ദിവസം തന്നെ ഉണ്ടാകും. ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ മെയ് അവസാനത്തിലാണ് നടക്കുക. മെയ് 30 മുതൽ ഹാജിമാർ മടങ്ങിത്തുടങ്ങും. വിമാനക്കമ്പനികൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യവും സാമ്പത്തിക ശേഷിയുമുള്ള മുസ്ലീങ്ങൾക്ക് നിർബന്ധമുള്ള ആരാധനയാണ് ഹജ്ജ്. എന്നാൽ കായികമായ അദ്ധ്വാനം ആവശ്യമുള്ള തീർത്ഥാടനമായതിനാൽ, പ്രായമേറിയവരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് പുതിയ നടപടിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.

Share
error: Content is protected !!