‘മൃഗങ്ങളോടെന്നതിനേക്കാള്‍ മോശമായി പെരുമാറി’, ഗ്രെറ്റ ത്യൂന്‍ബെ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവർത്തകരെ ഇസ്രയേല്‍ സൈന്യം തടഞ്ഞ് തടവിലാക്കി, നാടുകടത്തി
അങ്കാര: ശനിയാഴ്ച ഇസ്താംബുളിൽ എത്തിച്ചേർന്ന അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകരുടെ സംഘം പങ്കുവെച്ചത് ക്രൂരമായ പീഡനങ്ങളുടെയും അക്രമങ്ങളുടെയും നടുക്കുന്ന വിവരണങ്ങളാണ്. ഗ്രെറ്റ ത്യൂൻബെ ഉൾപ്പെടെ 137 പേരടങ്ങുന്ന സംഘം ഗാസയിലേക്ക് സഹായവുമായി നീങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് ഇസ്രയേലി സൈന്യം തടഞ്ഞത്. തുടർന്ന് ഇസ്രയേലിലെത്തിച്ച് തടവിലാക്കിയ സംഘത്തെ രണ്ടുദിവസത്തിനുശേഷം തുർക്കിയിലേക്ക് നാടുകടത്തുകയായിരുന്നു. സന്നദ്ധപ്രവർത്തകർക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നു. ഗ്രെറ്റ ത്യൂൻബെയ്ക്കും കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവർത്തകരെ തുർക്കിഷ് എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് ഇസ്താംബൂളിലേക്ക് എത്തിച്ചത്. (ചിത്രം: സന്നദ്ധ പ്രവര്‍ത്തകരെ ഇസ്രയേലില്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം | Photo : AFP)
.
ഗാസയിലേക്ക് സഹായം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ എന്ന ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രവർത്തകർ തങ്ങളെ കൈവിലങ്ങണിയിക്കുകയും മർദിക്കുകയും വെള്ളവും മരുന്നും നിഷേധിക്കുകയും ക്രൂരമായ സാഹചര്യങ്ങളിൽ ജയിലിൽ അടയ്ക്കുകയും ചെയ്തുവെന്ന് പറഞ്ഞ് തങ്ങളുടെ ദുരനുഭവം വിവരിച്ചു. ഗ്രെറ്റ ത്യൂൻബെയെ തള്ളിമാറ്റുകയും ഇസ്രായേലി പതാകയേന്താൻ നിർബന്ധിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എത്തിയപ്പോൾ തൻബെർഗിനെ ഒരു മുറിയിലേക്ക് തള്ളിമാറ്റിയതായി പ്രവർത്തകർ വിവരിച്ചു.
.
“മൃഗങ്ങളെപ്പോലെയാണ് ഞങ്ങളോട് പെരുമാറിയത്,” ഇസ്താംബുളിലെ ഇറ്റാലിയൻ റീജിയണൽ കൗൺസിലറായ പൗലോ റൊമാനോ പറഞ്ഞു. “അവർ ഞങ്ങളെ തലതാഴ്ത്തി മുട്ടുകുത്തി നിർത്തി. ഞങ്ങൾ അനങ്ങിയാൽ അവർ അടിക്കുമായിരുന്നു. അവർ ഞങ്ങളെ നോക്കി ചിരിക്കുകയും അധിക്ഷേപിക്കുകയും അടിക്കുകയും ചെയ്തു”, അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
നിയമവിരുദ്ധമായി ഇസ്രയേലിൽ പ്രവേശിച്ചുവെന്ന് സമ്മതിപ്പിക്കാൻ അവർ ശ്രമിച്ചതായി റൊമാനോ പറഞ്ഞു. തങ്ങൾ ഒരിക്കലും നിയമവിരുദ്ധമായി ഇസ്രയേലിൽ പ്രവേശിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു തങ്ങളുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരയ്ക്കിറക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുകയും പുറത്തുപോകാൻ അനുവദിക്കാതെ അവിടെ പാർപ്പിച്ചതായും കുടിക്കാൻ ശുദ്ധജലം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്താനായി രാത്രിയിൽ തോക്കുകളുമായി സൈനികർ ആക്രോശിച്ചിരുന്നതായും റൊമാനോ കൂട്ടിച്ചേർത്തു.
.
താൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മോശം എന്നാണ് മലേഷ്യക്കാരിയായ ഇലിയ ബൽക്കിസ് (28) ഇതിനെ വിശേഷിപ്പിച്ചത്. “ഞങ്ങളുടെ കൈകൾ പിന്നിൽ കെട്ടി വിലങ്ങുവെച്ചിരുന്നു, ഞങ്ങൾക്ക് നടക്കാൻ കഴിഞ്ഞില്ല, ഞങ്ങളിൽ ചിലരെ നിലത്ത് കമിഴ്ത്തിക്കിടത്തി, പിന്നീട് ഞങ്ങൾക്ക് വെള്ളവും ചിലർക്ക് മരുന്നും നിഷേധിച്ചു,” അവർ പറഞ്ഞു.
ഗാസയിൽ നിന്ന് 55 മൈൽ (88 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് തങ്ങളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ദൗത്യം റിപ്പോർട്ട് ചെയ്യാനായി ഒപ്പമുണ്ടായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ലോറൻസോ ഡി അഗോസ്റ്റിനോ, പറഞ്ഞു.
.
“നരകതുല്യമായ രണ്ട് ദിവസങ്ങളാണ് ഞങ്ങൾ ജയിലിൽ ചെലവഴിച്ചത്. പലസ്തീനെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയത്”, അദ്ദേഹം പറഞ്ഞു. ലിബിയൻ പ്രവർത്തകനായ മാലിക് ഖുതൈത് തനിക്ക് ഭയമില്ലെന്നും ഗാസയിലെത്താനുള്ള ശ്രമം തുടരുമെന്നും വ്യക്തമാക്കി.
ഇസ്താംബുൾ വിമാനത്താവളത്തിൽ എത്തിയ പ്രവർത്തകരിൽ 36 തുർക്കി പൗരന്മാരും അമേരിക്ക, യു.എ.ഇ, അൾജീരിയ, മൊറോക്കോ, ഇറ്റലി, കുവൈറ്റ്, ലിബിയ, മലേഷ്യ, മൗറിത്താനിയ, സ്വിറ്റ്സർലൻഡ്, ടുണീഷ്യ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുവെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.


