കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു; നാലംഗ കുടുംബം അത്ഭുകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ നാലംഗ കുടുംബം യാത്ര ചെയ്തിരുന്ന കാറാണ് പൂർണ്ണമായി കത്തിയമർന്നത്. യാത്രികർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
.
സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കിടെ കാറിൽ നിന്ന് ചെറിയ ഗന്ധവും പിന്നാലെ പുകയും ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. വാഹനം വളരെ വേഗത്തിൽ സൈഡ് ആക്കി പുറത്തിറങ്ങിയതാണ് ജീവൻ രക്ഷിക്കാൻ കാരണമായത്.
.
വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഹോട്ടലിൽ നിന്ന് ബീച്ചിലേക്ക് പോകുകയായിരുന്നു കുടുംബം. ഇതിനിടയിലാണ് തീപിടുത്തമുണ്ടായത്. ആദ്യം ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തീ ഏറെക്കുറെ അണച്ചത്. പോലീസും അഗ്നിശമനസേനയും എത്തുന്നതിനു മുമ്പ് നാട്ടുകാരും മറ്റു യാത്രികരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
.
ഹൈദരാബാദ് സ്വദേശികള്‍ കാര്‍ കോഴിക്കോട് നിന്ന് റെന്റിന് എടുത്തതാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാത സ്തംഭിച്ച നിലയിലായി. നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല


