മേയർ ആര്യ രാജേന്ദ്രന്‍ ബസ് തടഞ്ഞ കേസ് അട്ടിമറിക്കപ്പെട്ടു; നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവർ

തിരുവനന്തപുരം: നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പൊലീസിനും വക്കീല്‍ നോട്ടിസ് അയച്ച്, ബസിന്റെ ഡ്രൈവറായിരുന്ന എല്‍.എച്ച്.യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്‌ഐ എന്നിവര്‍ക്കാണ് അഭിഭാഷകൻ അശോക് പി.നായര്‍ വഴി യദു നോട്ടിസ് അയച്ചത്.

കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് നല്‍കിയ നടപടി നീതിയുക്തമല്ലെന്നും 15 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും നോട്ടിസില്‍ പറയുന്നു. 2024 ഏപ്രില്‍ 28ന് നടുറോഡില്‍ മേയർ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടർന്നു തര്‍ക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.
.
മേയർ- KSRTC ഡ്രൈവർ തര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത നിലനിന്നിരുന്നു. ഇത് ഡ്രൈവറാണ് ചെയ്തത് എന്നും ആരോപണമുയർന്നിരുന്നു. എന്നാൽ മെമ്മറി കാർഡ് എടുത്ത് മാറ്റാൻ അറിയില്ലെന്നും സംഭവം സമയത്ത് രാവിലെ വരെ പൊലീസ് സ്റ്റേഷനിൽ ആയിരുന്നുവെന്നുമാണ് ഡ്രൈവർ നൽകിയിരുന്ന വിശദീകരണം.

ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിരുന്നു. നിർണായക ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ മനഃപൂർവം മെമ്മറി കാർഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം.

 

Share
error: Content is protected !!