സൗദിയിൽ വർക്ക്‌ഷോപ്പുകളുടെ രൂപവും പ്രവർത്തനങ്ങളും മാറുന്നു; നിയമങ്ങൾ പരിഷ്‌കരിച്ച് മന്ത്രാലയം
റിയാദ്: സൗദിയിൽ പ്രൊഫഷണൽ വർക്ക്‌ഷോപ്പുകൾക്ക് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനും അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം നിലവിലെ നിയമങ്ങൾ പരിഷ്കരിച്ചു. വിഷൻ 2030-ന്റെ ഭാഗമായി രാജ്യം സാക്ഷ്യം വഹിക്കുന്ന പുരോഗതിക്കും വികസനത്തിനും അനുസൃതമായാണ് ഈ ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരിഷ്കരിച്ച നിയമമനുസരിച്ച് പ്രൊഫഷണൽ വർക്ക്‌ഷോപ്പുകളുടെ സേവനം അറ്റകുറ്റപ്പണികൾക്കും മെയിന്റനൻസ് പ്രവർത്തനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തി. ഇവിടെ മെറ്റീരിയലുകളുടെയും ഉൽപ്പന്നങ്ങളുടെയും സ്പെയർ പാർട്സുകളുടേയും വിൽപ്പനയോ വിപണനമോ അനുവദനീയമല്ല. ജനങ്ങൾക്ക് അത്യാവശ്യമായ ഒരു സേവനമായാണ് വർക്ക്ഷോപ്പുകളുടെ പ്രവർത്തനങ്ങളെ മന്ത്രാലയം കാണുന്നത്.
.
പ്രധാന പരിഷ്കാരങ്ങൾ:
- സ്ഥലപരമായ ആവശ്യകതകൾ: വർക്ക്‌ഷോപ്പുകളുടെ സ്ഥലം, വികസന നിലവാരം, മുൻഭാഗങ്ങൾ (ഫസേഡുകൾ), ബിസിനസ് സ്ഥാപനത്തിന്റെ പൊതുവായ രൂപം എന്നിവ സംബന്ധിച്ച നിബന്ധനകൾ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം എല്ലാ സ്ഥപാനങ്ങൾക്കും ഏകീകൃതരൂപമാണുണ്ടാവുക.
- നിർമ്മാണ ആവശ്യകതകൾ: തറയുടെ ഉപരിതലം, ഉൾഭാഗത്തെ ഭിത്തികൾ, മേൽത്തട്ട്, പടികൾ, പുറത്തുള്ള നടപ്പാതകൾ, വികലാംഗർക്കുള്ള റാമ്പുകൾ എന്നിവയുടെ ഗുണനിലവാരം പരിഷകരിച്ച നിയമം ഉറപ്പാക്കുന്നു. കൂടാതെ, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ്, ലൈറ്റിംഗ് ഉപകരണങ്ങളും ഫർണിച്ചറുകളും, ഇലക്ട്രിക്കൽ വയറിംഗ് എന്നിവയിലും പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
- അഗ്നി സംരക്ഷണ ആവശ്യകതകൾ: സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അഗ്നി സംരക്ഷണ കോഡ് കർശനമായി പാലിക്കണമെന്ന് നിഷ്കർഷിക്കുന്നു.
- ആരോഗ്യ, പ്രവർത്തന ആവശ്യകതകൾ: മാലിന്യ നിയന്ത്രണം, സൈറ്റ് ശുചിത്വം, ജീവനക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്നിവക്കും പ്രത്യേക നിർദ്ദേശങ്ങളുണ്ട്.
- സാങ്കേതിക പ്രവർത്തന ആവശ്യകതകൾ: വർക്ക്‌ഷോപ്പുകളുടെ പൊതുവായ പ്രവർത്തന രീതികൾ, പരിപാലന ആവശ്യകതകൾ എന്നിവ ഇതിൽ വ്യക്തമാക്കുന്നു. കൂടാതെ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫിക്‌ചറുകൾ, ഡിസ്‌പ്ലേ യൂണിറ്റുകൾ, ആന്തരിക പാനലുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് പ്രത്യേകമായുള്ള പ്രവർത്തന നിബന്ധനകളും പരിഷ്കരിച്ച നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ നിലവിലുള്ള സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഗുണമേന്മയുള്ള സേവനങ്ങൾ പൗരന്മാർക്ക് ഉറപ്പാക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കുമന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


