‘ഹുറൂബ്’ കേസിൽപ്പെട്ടവരും തൊഴിൽ കരാർ അവസനിച്ചവരുമായ പ്രവാസികൾക്ക് ആശ്വാസം; പുതിയ തൊഴിലുടമയിലേക്ക് മാറാൻ അവസരം

റിയാദ്: ‘ഹുറൂബ്’ അഥവാ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവർ’ (Absent from Work) എന്ന് സ്പോണ്സർ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രൊഫഷണൽ തൊഴിലാളികൾക്ക് പദവി ശരിയാക്കുന്നതിനും നിയമപരമായി പുതിയ തൊഴിലുടമയിലേക്ക് മാറുന്നതിനും അവസരമൊരുക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം . തൊഴിലാളികളുടെ കരാർ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ വിപണിയുടെ ആകർഷണീയത വർദ്ധിപ്പിക്കുക, അനുസരണ നിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ പ്രയോജനം നേടുന്നതിനുള്ള അപേക്ഷകൾ 2025 സെപ്റ്റംബർ 18 മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴി ഇതിന് അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
.
പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾ: ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവർ, തൊഴിൽ കരാർ കാലാവധി അവസാനിച്ചവർ തുടങ്ങിയവർക്ക് അനുവദിച്ചിട്ടുള്ള  60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം “ജോലിക്ക് ഹാജരാകുന്നില്ല” എന്ന പദവിയിലേക്ക് മാറ്റപ്പെട്ടതൊഴിലാളികൾ ക്ക് ഈ അവസരം ഉപയോഗിക്കാം. കൂടാതെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ‘ഹാജരാകുന്നില്ല'(ഹുറൂബ്) എന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

പ്രവാസിയുടെ വർക്ക് പെർമിറ്റിന്റെ വൈകിയ സാമ്പത്തിക ഫീസ് അടയ്ക്കാൻ പുതിയ തൊഴിലുടമ പ്രതിജ്ഞാബദ്ധനായിരിക്കണം. കൂടാതെ തൊഴിലാളി ജോലി നിർത്തുകയോ കരാർ കാലഹരണപ്പെടുകയോ ചെയ്യുന്നതിനുമുമ്പ് കുറഞ്ഞത് 12 മാസത്തോളം രാജ്യത്തിനുള്ളിൽ ചെലവഴിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

തൊഴിലാളിയുടെ കരാർ സ്പോണ്സർ ക്യാൻസൽ ചെയ്താലോ, കരാർ കാലാവധി അവസാനിച്ചാലും അന്ന് മുതൽ 60 ദിവസം വരെയാണ് തൊഴിലാളിക്ക് രാജ്യത്ത് തങ്ങാൻ അനുവാദമുളളത്. ഈ ഗ്രേസ് പീരിയഡിനുള്ളിൽ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറുകയോ രാജ്യം വിടുകയോ ചെയ്യണം. ഇതിന് സാധിക്കാതെ വരുമ്പോഴാണ് ഹുറൂബ് വിഭാഗത്തിലേക്ക് മാറുക. അല്ലാതെ മുൻകാലങ്ങളിലെ പോലെ സ്പോണ്സർക്ക് സ്വന്തം ഇഷ്ടപ്രകാരം തൊഴിലാളിയെ നേരിട്ട് ഹുറൂബാക്കാൻ ഇപ്പോൾ സാധിക്കില്ല.
.
കരാർ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ ചലനം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷങ്ങളിൽ മന്ത്രാലയം നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ തുടർച്ചയാണ് ഈ പുതിയ സംരംഭം.
തൊഴിലാളികളുടെ അവകാശ സംരക്ഷണവും മാനവ വിഭവശേഷി കാര്യക്ഷമത വർദ്ധിപ്പിക്കലും സന്തുലിതമാക്കുന്ന ആകർഷകവും വഴക്കമുള്ളതുമായ തൊഴിൽ വിപണി കെട്ടിപ്പടുക്കുക എന്ന സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

Share
error: Content is protected !!