റിയാദിലെ വാടക വർധനവ് അഞ്ച് വർഷത്തേക്ക് മരവിച്ചു; രാജ്യത്തുടനീളം പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

റിയാദ്: റിയാദിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിക്കുന്നത് നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽവന്നു. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയനിയമങ്ങൾ. രാജകീയ ഉത്തരവിലൂടെയും മന്ത്രിസഭാ തീരുമാനത്തിലൂടെയും നടപ്പിലാക്കുന്ന ഈ നിയമങ്ങൾ, റിയാദിലെ വാടക വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാനും ഭൂവുടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.

പ്രധാന വ്യവസ്ഥകൾ ഇവയാണ്:

  • വാടക വർധനവ് മരവിപ്പിച്ചു: റിയാദിലെ നഗരപ്രദേശങ്ങളിലെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളുടെ നിലവിലുള്ളതും പുതിയതുമായ പാട്ടക്കരാറുകളിൽ അടുത്ത അഞ്ച് വർഷത്തേക്ക് (2025 സെപ്റ്റംബർ 25 മുതൽ) വാർഷിക വാടക വർധനവ് അനുവദിക്കില്ല. അതായത്, അഞ്ച് വർഷത്തേക്ക് ഉടമയ്ക്ക് വാടക വർദ്ധിപ്പിക്കാൻ സാധിക്കില്ല. സാമ്പത്തിക വികസന കൗൺസിലിൻ്റെ അംഗീകാരത്തിന് ശേഷം ഈ നിയമങ്ങൾ സൗദിയിലെ മറ്റ് നഗരങ്ങളിലും ബാധകമാക്കാൻ സാധ്യതയുണ്ട്.
  • ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വാടക: മുമ്പ് വാടകയ്ക്ക് നൽകിയിരുന്നതും ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നതുമായ കെട്ടിടങ്ങളുടെ വാടക, അവസാന കരാറിലെ വാടക തുകയെ അടിസ്ഥാനമാക്കിയായിരിക്കും. മുമ്പ് വാടകയ്ക്ക് നൽകിയിട്ടില്ലാത്ത കെട്ടിടങ്ങളുടെ വാടക ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കാം.
  • ‘Ejar’ നെറ്റ്‌വർക്കിൽ കരാർ രജിസ്റ്റർ ചെയ്യണം: എല്ലാ വാടക കരാറുകളും ‘Ejar’ എന്ന ഇലക്ട്രോണിക് നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത കരാറുകളുണ്ടെങ്കിൽ, ഉടമയ്ക്കോ വാടകക്കാരനോ ഇത് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാം. കരാർ വിവരങ്ങളിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ 60 ദിവസത്തിനകം അറിയിക്കണം.
  • കരാർ പുതുക്കൽ: കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുമ്പ് പുതുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിക്കാത്തപക്ഷം, രാജ്യത്തെ എല്ലാ നഗരങ്ങളിലെയും വാടക കരാറുകൾ യാന്ത്രികമായി പുതുക്കപ്പെടും. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇതിന് മാറ്റം വരുത്താൻ സാധിക്കുക.
  • ഒഴിപ്പിക്കലിന് നിയന്ത്രണം: റിയാദിലെ വാടകക്കാർക്ക് കരാർ പുതുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ചില പ്രത്യേക കാരണങ്ങളില്ലാതെ ഉടമയ്ക്ക് അവരെ ഒഴിപ്പിക്കാൻ സാധിക്കില്ല. വാടക കൃത്യമായി അടയ്ക്കാതിരിക്കുക, കെട്ടിടത്തിന് ഘടനാപരമായ കേടുപാടുകളുണ്ടാവുക, അല്ലെങ്കിൽ ഉടമയുടെയോ അടുത്ത ബന്ധുവിൻ്റെയോ സ്വന്തം ഉപയോഗത്തിനാവശ്യമായി വരിക എന്നീ സാഹചര്യങ്ങളിൽ മാത്രമേ ഒഴിപ്പിക്കാൻ സാധിക്കൂ.
  • നിയമലംഘനങ്ങൾക്ക് പിഴ: പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സാമ്പത്തിക പിഴ ചുമത്തും. ഇത് പരമാവധി 12 മാസത്തെ വാടകയ്ക്ക് തുല്യമായ തുകയായിരിക്കും. നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴത്തുകയുടെ 20% വരെ പ്രതിഫലമായി ലഭിക്കും.

ഈ പുതിയ നിയമങ്ങൾ വാടക വിപണിയിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാനും, എല്ലാവർക്കും നീതിപൂർവമായ ഒരു നിക്ഷേപ അന്തരീക്ഷം ഒരുക്കാനും സഹായിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിക്കുന്നത്.

Share
error: Content is protected !!