പ്രതീക്ഷയോടെ മൂന്ന് ദിവസം മുമ്പ് ഗൾഫിലെത്തി, ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ പ്രവാസി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മണിക്കൂറുകൾക്ക് മുൻപ് ഭാര്യയോട് പറഞ്ഞത് ജോലി സമ്മർദ്ദത്തെക്കുറിച്ച്

ദുബായ്: നല്ലൊരു ജീവിതം സ്വപ്നം കണ്ട് പ്രവാസഭൂമിയിലെത്തിയ ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ആദെലിന് (31) ആദ്യ ജോലി ദിനം തന്നെ ജീവിതത്തിലെ അവസാന ദിനമായി. വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. നഷ്ടത്തിലായ പലചരക്ക് കട കാരണം കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെട്ടു. ഇതോടെയാണ് ഭാര്യയ്ക്കും നാല് വയസ്സും, 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം യുഎഇയിൽ നിർമാണ ജോലിക്കായി എത്തുന്നത്.
.
ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ചൂടുകാറ്റ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണെന്ന് ആദ്യം കരുതിയെങ്കിലും, ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “അഹമ്മദിന് ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും സമയം കിട്ടിയില്ല, ഒരു ദിവസം മാത്രമാണ് ജോലി ചെയ്തത്,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.

അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തകർത്തു. മൂന്ന് വർഷം മുൻപ് ഭാര്യയെ നഷ്ടപ്പെട്ട പിതാവിന്, തന്റെ ഏക മകന്റെ വേർപാട് താങ്ങാനായില്ല. കുഴഞ്ഞുവീഴുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഹമ്മദ് ഭാര്യയുമായി സംസാരിച്ചിരുന്നു. ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയും താൻ വളരെ ക്ഷീണിതനാണെന്നും മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നും ഭാര്യയോട് പറഞ്ഞിരുന്നതായി മഹ്‌റൂസ് ഓർക്കുന്നു. എന്നാൽ വിധി അതിന് സമയം നൽകിയില്ല.
.
അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസർ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചത്. മുൻപ് ബോഡിബിൽഡിങ് ചാംപ്യനായിരുന്ന അഹമ്മദിന് പുകവലിയോ, മറ്റ് ലഹരി ഉപയോഗങ്ങളോ, ഗുരുതരമായ രോഗങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

Share
error: Content is protected !!