ദേശീയദിനത്തിൽ സാമൂഹിക പ്രവർത്തകർക്ക് മാധ്യമ പരിശീലനം നൽകി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം

ജിദ്ദ: സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മാധ്യമ പരിശീലനം സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർകർക്കാണ് പരിശീലനം നൽകിയത്.  സൗദിയുടെ സമഗ്ര പുരോഗതിയിൽ ഇന്ത്യൻ പ്രവാസികൾ നൽകിയ സംഭാവനകളെ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി അഭിനന്ദിച്ചു.

സൗദി അറേബ്യയുടെ സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെ വളർച്ചയുടെ ഭാഗമാകാൻ ഇന്ത്യൻ പ്രവാസികൾക്ക് ലഭിച്ച അവസരം വ്യക്തിത്വ വികസനത്തിനും രാജ്യത്തിന്റെ പുരോഗതിക്കും മുതൽക്കൂട്ടായെന്ന് ദേശീയദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സ്വദേശികളും ഇന്ത്യൻ പൗരന്മാരും തമ്മിലുള്ള വിശ്വാസവും സഹകരണവും ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി, സാമൂഹ്യ സേവന രംഗത്തെ പ്രതിനിധികൾക്കായി മാധ്യമ പരിശീലനം സംഘടിപ്പിച്ചു. വാർത്തകൾ തയ്യാറാക്കി മാധ്യമങ്ങൾക്ക് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പിന്തുടരേണ്ട രീതികളെ കുറിച്ചും മാധ്യമ പ്രവർത്തകർ പരിശീലനം നൽകി. വാർത്താ നിർമ്മാണം, വിഷ്വൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരായ ഗഫൂർ കൊണ്ടോട്ടി, സുൽഫീക്കർ ഓതായി, സാദിഖലി തുവൂർ, സാബിത് സലീം, വഹീദ് സമാൻ, സാലിഹ് എന്നിവർ പരിശീലനം നൽകി. എ. സജിത്ത് ‘സൗദിയുടെ പിറവിയും വളർച്ചയും’ എന്ന വിഷയത്തിൽ ദേശീയദിന സന്ദേശം നൽകി.

ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും വൈസ് പ്രസിഡന്റ് ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു. ജിദ്ദയിലെ വിവിധ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ സംഘടനകളിലെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ട്രഷറർ സിറാജ് കൊട്ടപ്പുറം പരിപാടികൾ നിയന്ത്രിച്ചു.

Share
error: Content is protected !!