അയ്യപ്പ സംഗമം നടത്താന്‍ പിണറായി വിജയന് എന്ത് യോഗ്യത? ഒരു കള്ളന്റെ മോഷണം കണ്ട് മറ്റൊരു കള്ളന്‍ മോഷ്ടിക്കുന്നത് പോലെ: അണ്ണാമലൈ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ പൊതു സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തില്‍ സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമാണ് അണ്ണാമലൈ ഉന്നയിച്ചത്.

സിപിഐഎം സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തി. എം.കെ. സ്റ്റാലിനെയാണ് അതിഥിയായി ക്ഷണിച്ചത്. സനാതന ധര്‍മ്മത്തെ എത്തിര്‍ക്കുന്നയാളാണ് ആളാണ് സ്റ്റാലിന്‍. ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തിന് എതിരെ പറഞ്ഞ ആളാണെന്ന് അണ്ണാമലൈ പറഞ്ഞു.

പിണറായി വിജയന്‍ അയ്യപ്പ സംഗമം നടത്തിയത് അയ്യപ്പനോടുള്ള താത്പര്യം കൊണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടിയാണ്. ഈ നാടകം ജനങ്ങള്‍ മനസിലാക്കും. ഡിഎംകെ ആഗോള മുരുക സംഗമം നടത്തി. ഇത് കണ്ടാണ് പിണറായി ഇവിടെ അയ്യപ്പ സംഗമം നടത്തിയത്. ഒരു കള്ളന്റെ മോഷണം കണ്ട് മറ്റൊരു കള്ളന്‍ മോഷ്ടിക്കുന്നത് പോലെയാണ്. ആഗോള അയ്യപ്പ സംഗമം നടത്താന്‍ പിണറായി വിജയന് എന്താണ് യോഗ്യത. ദൈവങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും അണ്ണാമലൈ ഉന്നയിച്ചു.

അയ്യപ്പനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റാന്‍ തയ്യാറാകണം. അയ്യപ്പനോട് താത്പര്യമുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്. അതിന് തയ്യാറാകാതെ അയ്യപ്പ സംഗമം നടത്തുന്നത് എന്തിനാണ് എന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Share