‘ഹലോ 112..! ഇവിടെ ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നു’, ആരോ കയറിയെന്ന് പരിസരവാസികൾ; മതിൽ ചാടി കടന്ന് അകത്തെത്തിയ പൊലീസ് കണ്ടത്…
കൊച്ചി: ആത്മഹത്യയുടെ വക്കിൽ നിന്ന് ഒരു കുടുംബനാഥനെ നിർണായകമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി, പോലീസ് വീണ്ടും ജനങ്ങളുടെ രക്ഷകരായി. എറണാകുളം ടൗൺ സൗത്ത് പോലീസാണ് സമയബന്ധിതമായി പ്രവർത്തിച്ച് ഒരു ജീവൻ രക്ഷിച്ചത്. സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ നിരവധി പേർ പോലീസിനെ അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം രാത്രി 112-ൽ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ടീമിന് ഒരു ഫോൺ കോൾ ലഭിച്ചു. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കാണുന്നുണ്ടെന്നും, ആരോ അകത്ത് കയറിയതായും പരിസരവാസികളാണ് അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം സമീപവാസികളോട് വിവരങ്ങൾ തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നും, എന്നാൽ ഇന്നു വൈകുന്നേരം കുടുംബനാഥനെ പരിസരത്തു കണ്ടതായും മനസ്സിലാക്കി. ഉടൻ തന്നെ പൊലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി.
.
അടുക്കളവാതിൽ തുറന്നുകിടക്കുകയായിരുന്നതിനാൽ അകത്ത് കടന്ന പോലീസുകാർ കണ്ടത് ബെഡ്റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. ജീവൻ നഷ്ടപ്പെടുന്നതിന് മുൻപ് തന്നെ പോലീസുകാർ ചേർന്ന് അദ്ദേഹത്തെ താഴെയിറക്കി. കഴുത്തിൽ കുടുങ്ങിയ തുണി മുറിച്ചുമാറ്റി സ്വന്തം വാഹനത്തിൽ തന്നെ അദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം അദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഴുത്തിന് കൂടുതൽ പരിക്കുകൾ സംഭവിക്കാതിരിക്കാൻ ഫിലാഡൽഫിയ കോളർ ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന്, പോലീസ് നഗരത്തിലെ രാത്രികാല മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പിആർഒയെ കണ്ട് അവിടെ നിന്ന് കോളർ വാങ്ങി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അതേസമയം തന്നെ പോലീസുകാർ അദ്ദേഹത്തിന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും, ബന്ധുക്കളെത്തുന്നതുവരെ അദ്ദേഹത്തിന് കൂട്ടിരിക്കുകയും ചെയ്തു. ഈ ആത്മാർത്ഥമായ രക്ഷാപ്രവർത്തനം നടത്തിയ സബ് ഇൻസ്പെക്ടർ പി.ജി. ജയരാജ്, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.


