ജിദ്ദയിൽ നിന്ന് ദമാമിലേക്ക് ചരക്കുമായി പോകുകയായിരുന്ന ട്രക്കിന് തീ പിടിച്ചു; മലയാളി ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി
ജിദ്ദ: ജിദ്ദയിൽനിന്ന് ദമാമിലേക്ക് ചരക്കുമായി പോവുകയായിരുന്ന ട്രക്കിന് തീപ്പിടിച്ച് വൻ അപകടം. അപകടത്തിൽനിന്ന് മലയാളി ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽനിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ റുവൈദയിൽവെച്ചാണ് അപകടം നടന്നത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അരുൺ പോത്തഞ്ചേരി(36)യാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ജിദ്ദ ഷറഫിയ കെ.എം.സി.സി സെക്രട്ടറി ഷാഹുൽ വണ്ടൂരിന്റെ ഉടമസ്ഥതയിലുള്ള ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ദമാമിലേക്ക് കൊണ്ടുപോവുകയായിരുന്ന ചരക്കുകൾ മിക്കതും കത്തി നശിച്ചു. റോഡിൽനിന്ന് തെന്നിമാറിയ ട്രക്ക് ഒരു വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ അരുൺ ബോധരഹിതനായി.
കത്തിക്കൊണ്ടിരുന്ന ട്രക്കിനെ പിന്തുടർന്ന് വരികയായിരുന്ന മറ്റൊരു ട്രക്കിലെ ജീവനക്കാരായ അമീൻ, ഷഗീൽ എന്നിവരാണ് രക്ഷകരായത്. ബോധരഹിതനായ അരുണിനെ അമീനും ഷഗീലും ചേർന്ന് സാഹസികമായി വാഹനത്തിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. ഉടൻതന്നെ അരുണിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. അരുണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടവിവരമറിഞ്ഞ് സുഹൃത്തുക്കളും സാമൂഹ്യപ്രവർത്തകരും സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


