ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; സൗദിയിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പാക്കി
മക്ക: സൗദിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി വനിതക്ക് വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിൽ ഫാലിഹ് ബിൻ ദുലൈബ് ബിൻ അലി അൽ-അൻസാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയായ ഹസ്സൻ ബിൻത് മുതാബ് ബിൻ അതിഖ് അൽ-തഹിമിയെയാണ് ഇന്ന് ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയയാക്കിയത്.
.
മന്ത്രാലയത്തിന്റെ വിശദീകരണം അനുസരിച്ച്, പ്രതി തന്റെ ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിൽ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തു.
തുടർന്ന് കേസ് കോടതിക്ക് കൈമാറി. കോടതിയിൽ പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധിച്ചു. സുപ്രീം കോടതിയും ഈ വിധി ശരിവച്ചതോടെ, നിയമപരമായി നിർണ്ണയിക്കപ്പെട്ട ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ എല്ലാവർക്കും ബാധകമാണെന്നും, സുരക്ഷയും നീതിയും ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശക്തമായ നിയമപരമായ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


