തൃശ്ശൂർ പീച്ചി സ്റ്റേഷനിലും പോലീസിൻ്റെ മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിൻ്റെ ഞെട്ടൽ മാറും മുൻപേ സമാനരീതിയിലുള്ള മറ്റൊരു സംഭവത്തിൻ്റെ വീഡിയോദൃശ്യങ്ങളും പുറത്ത്. പീച്ചി പോലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം.
.

2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍ അപമാനിക്കുകയും മര്‍ദിക്കുകയുംചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്‌ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം.

മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. മാവോവാദിഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്; ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. എന്നിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുകയാണ് അധികൃതര്‍. മര്‍ദിച്ച എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രാദേശികനേതാവ് സുജിത്തിനെ പോലീസുകാർ ക്രൂരമായി മർദിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ ശനിയാഴ്ച സർവീസിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
.

Share
error: Content is protected !!