കുന്നംകുളം കസ്റ്റഡി മർദനം: എസ്ഐ അടക്കം നാലു പേർക്ക് സസ്പെൻഷൻ, പൊലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗം; ഡിഐജി നൽകിയ ശിക്ഷ പുനഃപരിശോധിക്കും

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരായാണു നടപടി. ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐജിയുടെ ഉത്തരവിൽ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത് ഗൗരവമായ പെരുമാറ്റദൂഷ്യവും അധികാര ദുരുപയോഗവുമെന്നാണ് ഡിഐജിയുടെ റിപ്പോർട്ട്. കുറ്റാരോപിതരായ പൊലീസ് ഓഫിസർമാരുടെ വീഴ്ച അക്കമിട്ടു നിരത്തുന്നതാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ ഡിഐജി റിപ്പോർട്ട് നിർണായകമായി. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.

കുന്നംകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ കേസ് ഗൗരവമായ സ്വഭാവത്തിലുള്ളതാണ്. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിന്റെ പരാതിയിൽ കോടതി നാലു പേർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. കുറ്റാരോപിതരായ പൊലീസുകാരുടെ ഭാഗത്ത് ഗൗരവമായ വീഴ്ചയുണ്ട്. അടുത്തിടെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളും തെളിവുകളും ഉദ്യോഗസ്ഥരുടെ വീഴ്ച സാധൂകരിക്കുന്നു. പൊലീസുകാർ നാലു പേരും ചീഫ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ക്രിമനൽ നടപടികൾ നേരിടുന്നു. ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ നടക്കുന്നതിന് പൊലീസുകാരെ സസ്പെ‍ൻഡ് ചെയ്യണം. ഇവർക്കെതിരെ നേരത്തെ എടുത്ത നടപടി പുനഃപരിശോധിക്കണം. ശനിയാഴ്ച രാവിലെയാണ് സംഭവത്തിൽ ഡിഐജി ഹരി ശങ്കർ ഉത്തര മേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്.

തുടർന്ന് എസ്ഐ നൂഹ്മാൻ, സിപിഓമാരായ എസ്. സന്ദീപ്, ശശിധരൻ, കെ.ജെ. സജീവൻ എന്നിവരെയാണ് ഉത്തര മേഖല ഐജി രാജ്പാൽ മീണ സസ്പെൻ‍ഡ് ചെയ്തത്. കൂടാതെ നേരത്തെ നൽകിയ ശിക്ഷ പുനഃപരിശോധിക്കാനും തീരുമാനിച്ചു. ശിക്ഷ പുനഃപരിശോധിക്കുന്നതിനു വേണ്ടി സിസിടിവി ദൃശ്യങ്ങളും അന്വേഷണ റിപ്പോർട്ടും ഐജി വിളിച്ചു വരുത്തി. അതേസമയം സുജിത്തിനെ മർദിച്ച പൊലീസ് സംഘത്തിൽ ഉണ്ടായിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ സുഹൈർ തദ്ദേശ വകുപ്പിലേക്ക് മാറിയതിനാൽ പൊലീസ് നടപടിയിൽ ഉൾപ്പെട്ടിട്ടിട്ടില്ല.

2023 ൽ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്നു സുഹൈർ. പിന്നീട് തദ്ദേശ വകുപ്പിലേക്ക് മാറി. നിലവിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറാണ്. കോടതിയിൽ കേസ് നില നിൽക്കെ പൊലീസ് വീണ്ടും നടപടി എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. നടപടി പുനഃപരിശോധിക്കുന്നതിൽ നിയമപരമായി അപാകത ഇല്ലെന്ന് നിയമോപദേശം ലഭിച്ചു. 2023 ലാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ വച്ച് മർദനമേറ്റത്.

Share
error: Content is protected !!