‘രാഹുൽ വിഷയത്തിൽ എന്നെ ഇരയാക്കാൻ ഒരു പ്രമുഖ ചാനൽ ശമ്രിച്ചു’; ചാനലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് സിപിഐ വനിതാ നേതാവ്
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
‘മൂന്ന് ദിവസങ്ങള്ക്ക് മുന്പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടർ എന്നെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലില് നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്ത്തകര് പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ഞാൻ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാൽ മതി എന്നും അവർ പറഞ്ഞു. എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ, കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്ത്തന ശൈലിയല്ല’-ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്ന് ശ്രീനാദേവി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീനാദേവി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ഒരു പ്രമുഖ ചാനലിനോടും മാധ്യമ സുഹൃത്തുക്കളോടും പറയാനുള്ളത്.
ഞാന് ശ്രീനാദേവി, ഇന്ത്യന് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്. പാലക്കാട് MLA രാഹുല് മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയുമാണ്.
എന്ത് തോന്നുന്നു നിങ്ങൾക്ക് ഇത്തരം മാധ്യമപ്രവർത്തനത്തെക്കുറിച്ച്..?
എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ, കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്ത്തന ശൈലിയല്ല.
സാങ്കല്പിക ഇരകളെ സൃഷ്ടിച്ച് അവർക്ക് പിന്നാലെ ഇരയെന്നു കേൾക്കുന്നു, നിങ്ങൾ ഇരയാണ്, ഞങ്ങൾ സംരക്ഷകരാണ് എന്ന് പറയുന്ന നിങ്ങള് ഇരകളെ തേടുന്ന Predator ആയി മാറരുത്. 24×7 വാർത്തകൾ നിറയ്ക്കാൻ ശ്രമിക്കുമ്പോള് മനുഷ്യമനസ്സുകളുടെ മജ്ജയും മാംസവും തിന്നുന്ന മാധ്യമ Psychopath കളായി പരിണമിക്കാതിരിക്കാന് ശ്രമിക്കണം.
പെൺകുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങൾക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയർത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രമുഖ ചാനലിനെതിരെ പോലിസ് കേസെടുക്കണം.
പ്രമുഖ ചാനലിനുള്ള ഈ ‘സ്ത്രീ സംരക്ഷണ അജണ്ട’ ഒരു മാധ്യമപ്രവർത്തക sexual harassment നേരിടേണ്ടി വന്നപ്പോള് നിശബ്ദത പാലിച്ചു. അത് നിങ്ങളുടെ അന്വേഷണത്തില്പ്പെടേണ്ടതല്ലേ?
നിയമനീതി വ്യവസ്ഥകളെ കാറ്റിൽപറത്താൻ തക്ക ത്രാണിയുള്ള നിങ്ങളുടെ മാധ്യമ കണ്ണിൽപ്പൊടികാറ്റ് ആഞ്ഞുവീശാമായിരുന്നില്ലേ?
എന്റെ പിന്നാലെ വന്ന നേരത്തിന്റെ നാമമാത്രം സമയം മതിയായിരുന്നുവല്ലോ, ആ ഉമ്മറപ്പടികടന്ന പെൺകുട്ടിയെ ചേർത്ത് പിടിക്കാൻ..?
ഈ പ്രമുഖ ചാനല് എന്നോട് കാട്ടിയ ഈ “കെയർ ഏട്ടൻ” സ്നേഹം ആ ഓഫീസ് മുറിയിലെ 4 ചുവരുകൾക്കുള്ളിൽ നിന്നും തുടങ്ങട്ടെ.
ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്. Genuine പരാതി ഉള്ളവര് മുന്നോട്ട് വരട്ടെ, വാർത്തകൾ സൃഷ്ടിക്കട്ടെ. അതല്ലാതെ ഓരോ വ്യക്തിയേയും അന്വേഷിച്ചു പരാതി ഉണ്ടോ എന്ന് ചോദിക്കുന്ന മാധ്യമപ്രവർത്തന രീതി ശരിയായി തോന്നുന്നില്ല. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന് ശ്രമിക്കരുത്.
ഇത്തരത്തിലുള്ള മാധ്യമപ്രവര്ത്തനശൈലി പിന്തുണച്ചാൽ നാളെ ഇവർ സൃഷ്ടിക്കുന്ന രാഷ്ട്രീയ-വ്യക്തിതാല്പര്യ അജണ്ടകൾക്ക് നമ്മുടെ ഓരോരുത്തരുടെയും വേണ്ടപ്പെട്ടവരും വേട്ടയാടപ്പെടും. പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഈ ക്രിമിനൽ നെട്ടോട്ടം മാധ്യമധർമ്മമല്ല, മര്യാദയല്ല.


