രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് സ്ത്രീകളെ ശല്യം ചെയ്തെന്ന വകുപ്പുകള്‍
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ നേരിട്ട് പോലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു.
നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു.
എന്നാല്‍, പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചിരുന്നു.
ആരോപണം ഉന്നയിച്ച സ്ത്രീകളില്നിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ വിഭാഗം കേസെടുക്കാനാണ് സാധ്യത.
ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും രാഹുലിന് എതിരെ പരാതികള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും പലരും പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിനു പുറമേ ആരോപണം ഉന്നയിച്ച സ്ത്രീയെ കൊല്ലാന്‍ വേണ്ട സമയത്തെക്കുറിച്ചു രാഹുല്‍ പറഞ്ഞത് ക്രിമിനല്‍ മനോഭാവത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.


