‘ശക്തമായ നടപടിയിലേക്ക് പോകാൻ മടിയില്ല, യുഡിഎഫിന് വേണ്ട; കടിച്ചുതൂങ്ങണോയെന്ന് രാഹുലിന് തീരുമാനിക്കാം’ – കെ. മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കെ. മുരളീധരൻ രംഗത്ത്. കൂടുതൽ ശക്തമായ നടപടികളിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ല. കടിച്ചു തൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ.
ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.
രാഹുൽ രാജിവെക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ പ്രതിരോധിച്ച് നിൽക്കാനായിരുന്നു രാഹുലിന്റെ ശ്രമം. പാർട്ടിക്കുള്ളിൽനിന്ന് തന്നെ രാഹുലിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രാഹുലിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ട ശേഷം മാത്രം തുടർനടപടി മതി എന്ന നിലപാടിലാണ് നേതൃത്വം. ബിജെപി ആഗ്രഹിക്കുന്ന ഉപതിരഞ്ഞെടുപ്പാണെന്നിരിക്കെ, അതിനവസരം ഒരുക്കിക്കൊടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
ലൈംഗികാരോപണത്തിൽ കുരുങ്ങിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലെ മുതിർന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുലിനുമേൽ സമ്മർദമേറുകയായിരുന്നു.
ഒന്നിനുപുറകേ ഒന്നായി ആരോപണങ്ങളുയരുമ്പോൾ ധാർമിക ഉത്തരവാദിത്വത്തോടെ രാഹുൽ മാറിനിൽക്കണമെന്നായിരുന്നു ഉമാ തോമസ് എംഎൽഎ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി പാർട്ടി ആവശ്യപ്പെടുകതന്നെ വേണം. പരിചയപ്പെട്ട ദിവസംമുതൽ ഇത്തരമൊരു സൂചനപോലും കിട്ടിയിരുന്നില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നെങ്കിൽ നടപടിയെടുക്കാൻ നേരത്തേ ആവശ്യപ്പെടുമായിരുന്നെന്നും ഉമ പറഞ്ഞിരുന്നു. രാഹുലിനെതിരേ പറഞ്ഞതിന് പിന്നാലെ വൻ സൈബറാക്രമണത്തിനാണ് ഉമ തോമസ് എംഎൽഎ നേരിട്ടത്.


